കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാസങ്ങളോളം തുടരുന്ന ഇൻ-ചാർജ് ഭരണം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഏതാനും ദിവസങ്ങൾ മാത്രം ഉദ്യോഗസ്ഥർക്ക് ചുമതല നൽകുന്നതിൽ തെറ്റില്ലെന്നും എന്നാൽ മാസങ്ങളോളം ചുമതല നൽകിയാൽ തദ്ദേശ സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
ഫറോക്ക് മുൻസിപാലിറ്റിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പൊതുജനങ്ങൾക്ക് ജനനം മുതൽ മരണം വരെയുള്ള എല്ലാ ആവശ്യങ്ങൾക്കും സമീപിക്കേണ്ടത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെയാണെന്ന യാഥാർത്ഥ്യം മറക്കരുതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
വിവരാവകാശ നിയമത്തിന്റെ അന്ത:സത്തക്ക് നിരക്കാത്ത തരത്തിൽ അപേക്ഷകൾ സമർപ്പിച്ച് ജീവനക്കാരുടെ സമയം പാഴാക്കരുതെന്ന് കമ്മീഷൻ പരാതിക്കാരനായ കല്ലായ് സ്വദേശി കെ.ടി അബ്ദുൾ മനാഫിന് നിർദ്ദേശം നൽകി. ജീവനക്കാർക്കും മനുഷ്യാവകാശങ്ങൾ ഉണ്ടെന്ന കാര്യം പരാതിക്കാരൻ മറക്കരുത്. അതോടൊപ്പം നഗരസഭയെ സമീപിക്കുന്ന സാധാരണക്കാരുടെ ആവശ്യങ്ങൾ കാലതാമസം കൂടാതെ നൽകാനുള്ള ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഫറോക്ക് മുൻസിപാലിറ്റിയിൽ പരാതിക്കാരന്റേതായി അവശേഷിക്കുന്ന തീരുമാനമാകാത്ത അപേക്ഷകളിൽ ഒരു മാസത്തിനകം തീരുമാനമെടുത്ത ശേഷം മുൻസിപ്പാലിറ്റി സെക്രട്ടറി കമ്മീഷനിൽ റിപ്പോർട്ട് നൽകണം.