top news

ലഹരി കേസ്: പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പ്രയാഗ മാര്‍ട്ടിന് നോട്ടീസ്

കൊച്ചി: ലഹരിക്കേസില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നടി പ്രയാഗ മാര്‍ട്ടിന് നോട്ടീസ്. നാളെ രാവിലെ മരട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. രാവിലെ 10 ന് ഹാജരാകണമെന്നാണ് നോട്ടീസ്. ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സന്ദര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രയാഗ മാര്‍ട്ടിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.

എന്നാല്‍ ഓം പ്രകാശിനെ കാണാന്‍ മുറിയിലെത്തിയെന്ന ആരോപണം പ്രയാഗ തള്ളിയിരുന്നു. ഓം പ്രകാശിനെ മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും പ്രയാഗ വ്യക്തമാക്കി. താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നും പ്രയാഗ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ‘ഹ..ഹാ..ഹി..ഹു!’ എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡ് സ്റ്റോറിയിട്ട് പ്രയാഗ രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ കേസന്വേഷണങ്ങളെ പരിഹസിച്ചാണ് നടിയുടെ ഇന്‍സ്റ്റാ സ്റ്റോറിയെന്നാണ് ആരാധകര്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

ഇരുവരെയും എത്തിച്ച ബിനു ജോസഫില്‍ നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്. ഉടന്‍ താരങ്ങളുടെ മൊഴി എടുക്കും. എന്നാല്‍ ഇരുവര്‍ക്കും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്നാണ് കണ്ടെത്തലെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യമുന്നയിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെയും മൊവി ഉടന്‍ എടുത്തേക്കാനാണ് സാധ്യത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close