top news

‘നിയമ നടപടി എടുക്കാന്‍ സര്‍ക്കാരിന് മടിയില്ല, സര്‍ക്കാര്‍ ഇരയോടൊപ്പമാണ്’; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മന്ത്രി സജിചെറിയാന്‍

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് മറുപടിയുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒരു പേജും സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ലെന്നും വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മിഷന്‍ ആണെന്നും സജി ചെറിയാന്‍ പറഞ്ഞു. 2019-ല്‍ വന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ മാറ്റിവെച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാന്‍ വേണ്ടിയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

‘സര്‍ക്കാരിന് മുന്നില്‍ വന്ന റിപ്പോര്‍ട്ട് മന്ത്രി പരിശോധിച്ചിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമയും വിവരാവകാശ കമ്മിഷനും പറഞ്ഞു. രണ്ടാമത് വിവരാവകാശ കമ്മിഷന്‍ പറഞ്ഞപ്പോള്‍ കൊടുത്തു. ഹൈക്കോടതി പറഞ്ഞപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഞങ്ങള്‍ക്ക് ഒന്നും ഭയപ്പെടേണ്ട കാര്യമില്ല. ഒരു പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയോഗിച്ചു. അന്വേഷണം നടക്കുന്നു. ആര്‍ക്കും പരാതി നല്‍കാം. നിയമ നടപടി എടുക്കാന്‍ സര്‍ക്കാരിന് മടിയില്ല. സര്‍ക്കാര്‍ ഇരയോടൊപ്പമാണ്’ സജി ചെറിയാന്‍ പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് സിനിമാ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണെന്നും സജി ചെറിയാന്‍ പറഞ്ഞു. കര്‍ണാടകയില്‍ ഇത്തരമൊരു കമ്മിറ്റി നിയോഗിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത് കേരളത്തിനെ മാതൃകയാക്കിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close