KERALAlocaltop news

സൗജന്യ ഭക്ഷണം മറയാക്കി കോഴിക്കോട് സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു: നഗരസഭാ കൗൺസിൽ

* കരിപ്പൂർ എയർപോർട്ടിലെ പാർക്കിങ്ങ് കൊള്ള അവസാനിപ്പിക്കണം

കോഴിക്കോട്‌: നഗരത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ കൂടിയതായി മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ പരാതി. ഭരണ പ്രതിപക്ഷ ഭേദമെന്ന്യ അംഗങ്ങളിൽ നിന്നുയർന്ന പരാതിയെ തുടർന്ന്  പൊലീസ്‌, എക്‌സൈസ്‌, സന്നദ്ധസംഘടനകൾ തുടങ്ങി വിവിധ വകുപ്പുകളെ എകോപിപ്പിച്ച്‌ സത്വരനടപടികൾ സ്വീകരിക്കുവാൻ കൗൺസിൽ തീരുമാനിച്ചു. നഗരത്തിൽ കത്താത്ത തെരുവുവിളക്കുകളുണ്ടെങ്കിൽ അവ മാറ്റാൻ കൗൺസിലർമാർ പട്ടിക തയ്യാറാക്കി നൽകണമെന്ന് മേയർ നിർദ്ദേശം നൽകി. ആവശ്യമായ ഇടങ്ങളിൽ പുതിയ വിളക്കുകൾ സ്ഥാപിക്കും.  ഇക്കാര്യത്തിൽ പി.കെ.നാസറാണ് ശ്രദ്ധക്ഷണിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം സൗജന്യ ഭക്ഷണം ലഭിക്കുന്നത് കോഴിക്കോട്ടാണ്. അത് ദുരുപയോഗപ്പെടുത്തി മെഡിക്കൽ കോളജ് മാവൂർ റോഡ്, ശ്രീകണ്ഠേശ്വര ക്ഷേത്ര പരിസരം തുടങ്ങി വിവിധയിടങ്ങളിൽ സാമൂഹിക വിരുദ്ധർ താവളമാക്കി. പാളയത്തും പുതിയപാലത്തും വൈകീട്ട്‌ അഞ്ചുകഴിഞ്ഞാൽ വിദ്യാർഥികൾക്കും സ്‌ത്രീകൾക്കും മറ്റുയാത്രക്കാർക്ക്‌ സഞ്ചരിക്കാൻ കഴിയുന്നില്ല. സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾക്കും ലഹരിവിൽപ്പനയുടെ കേന്ദ്രങ്ങളായി ഇവിടം മാറുന്നു.  ഭക്ഷണം വിതരണം ചെയ്യുന്ന ഇടങ്ങളിൽ എത്തുന്നവർക്ക്‌  ഇരുന്നുകഴിക്കാനും ഇവിടങ്ങളിൽ നീരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും വിതരണക്കാർ തയ്യാറാകണം. ക്യാമറ വെച്ച സ്ഥലങ്ങളിൽ ക്രിമിനലുകൾ ഭക്ഷണം വാങ്ങാനെത്തുന്നില്ലെന്ന് പൊലീസ്‌ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്‌. തീരദേശങ്ങളിലും ബീച്ച്‌ കേന്ദ്രീകരിച്ചും മയക്കുമരുന്ന്‌ വിൽപ്പന സജീവമാണ്. ബോധവത്കകരണവും ഉടൻ വേണം. സി.പി സുലെമാൻ,  എം.സി മോയിൻ കുട്ടി, എം.എൻ.പ്രവീൺ, എം.ഗിരിജ, കെ.അജിത, ഇ.എം.സോമൻ തുടങ്ങിയവരും സംസാരിച്ചു.
നഗരത്തിലെ ഫുട്‌പാത്തിലും മറ്റും സ്ഥാപിക്കുന്ന അനധികൃത കച്ചവടത്തിനെതിരെ നടപടി ശക്തമാക്കണമെന്ന്‌ വി.മുരളീധരൻ ആവശ്യപ്പെട്ടു. ബീച്ചിലെ ലൈസൻസില്ലാത്ത കടകൾ അടപ്പിച്ചെന്നും കാരപറമ്പിലെ ആറുകടകൾ പൂട്ടിച്ചെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കും.  എലത്തൂർ ജെട്ടിപാർക്ക്‌ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന രീതിയിൽ നവീകരിക്കാൻ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്ന്‌ ഒ.പി ഷിജിന അറിയിച്ചു. ഇക്കാര്യത്തിൽ  എസ്.കെ. അബൂബക്കറും ശ്രദ്ധക്ഷണിച്ചു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്‌ മേയർ പറഞ്ഞു. കോഴിക്കോട്‌ റൈയിൽവേ സ്‌റ്റേഷന്റെ വികസനകാര്യങ്ങൾ ചർച്ചചെയ്യുമ്പോൾ കോർപറേഷൻ അധികൃതരെ അറിയിക്കാറില്ലെന്നും ഇത്‌ ശരിയായ  സമീപനമല്ലെന്നും സി എം ജംഷീറിന്റെ ചോദ്യത്തിന്‌ മേയർ മറുപടി നൽകി.
നഗരത്തിൽ മഞ്ഞപ്പിത്തം കൂടി വരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികളാണ്‌ ആരോഗ്യവകുപ്പ്‌ സ്വീകരിക്കുന്നതെന്ന്‌ ചെയർപേഴ്‌സൻ ഡോ. എസ്‌  ജയശ്രീ പറഞ്ഞു. ജില്ലയിൽ 462 രോഗികളിൽ 30 പേർ നഗരസഭ പരിധിയിൽ താമസിക്കുന്നവരാണ്‌. കുടിവെള്ളവും വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും  ഐസ്‌പ്ലാന്റുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും ശ്രദ്ധക്ഷണിക്കലിന്‌ അവർ പറഞ്ഞു. കരിപ്പൂരിലെ പാർക്കിങ്ങ് ഫീസ് കൊള്ളക്കെതിരെ നടപടിവേണമെന്ന് അഡ്വ.സി.എം. ജംഷീർ ആവശ്യപ്പെട്ടു.
വാർഡ്‌ വിഭജനം, ചേവായൂർ സഹകരണബാങ്ക്‌ തെരഞ്ഞെടുപ്പ് എന്നിവ കൗൺസിൽ യോഗത്തിൽ ചൂടുള്ള ചർച്ചയായി. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കെ.മൊയ്തീൻകോയയുടെ അടിയന്തര പ്രമേയത്തിന് കൗൺസിലിന്റെ അധികാര പരിധിയിലുള്ള വിഷയമല്ലെന്ന് പറഞ്ഞ് മേയർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചു. പ്രതിപക്ഷത്തേക്ക് അടുത്തയിടെ മാറിയ ടി.കെ.ചന്ദ്രൻ ബുക് ചെയ്തത് എസ്.കെ.പൊറ്റക്കാട്ട് ഹാൾ ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നം പറഞ്ഞ് റദ്ദാക്കിയതിൽ കെ.സിശോഭിത ശ്രദ്ധക്ഷണിച്ചു. ഡെപ്യൂട്ടി മേയറടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ബാങ്ക് തെരഞ്ഞെടുപ്പിൽ ആക്രമണമുണ്ടായതെന്നടക്കമുള്ള പരാമർശം യു.ഡി.എഫ്-എൽ.ഡി.എഫ് അംഗങ്ങൾ തമ്മിൽ പൊരിഞ്ഞ പോരിനിടയാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close