കോഴിക്കോട് :
2024 നവംബർ 25-ന് രാവിലെ കോഴിക്കോട് മലബാർ ജ്വല്ലറി ഷോറൂമിൽ നിന്നും ആറ് പവൻ തൂക്കം വരുന്ന സ്വർണ ചെയിൻ മോഷ്ടിച്ച കേസിലെ പ്രതിയെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി കല്ലൻ കോട്ടിൽ വീട്ടിൽ കെ.മുഹമ്മദ് ജാബിർ (28 വയസ്സ്) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
മലബാർ ജ്വല്ലേഴ്സിൽ സ്വർണ്ണ ചെയിൻ വാങ്ങുന്നതിന് എന്ന വ്യാജേന എത്തിയ മോഷ്ടാവ് സെയിൽസ്മാനോട് ചെയിനുകൾ കാണിക്കാൻ ആവശ്യപ്പെടുകയും തനിക്ക് ഇഷ്ടമായി എന്നു പറഞ്ഞു ഒരു ചെയിൻ മാറ്റിവെക്കുവാൻ ആവശ്യപ്പെട്ട് ശേഷം ചെയിൻ കാണുന്നതിനായി താൻ വീട്ടുകാരെയും കൂട്ടി വരാം എന്നു പറഞ്ഞ് മോഷ്ടാവ് ജ്വല്ലറിയിൽ നിന്നും പോകുകയും ചെയ്തു. രാത്രി ഷോറൂം അടക്കുന്നതിന് മുൻപായി സ്റ്റോക്ക് പരിശോധിച്ചപ്പോൾ ചെയിൻ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ ജ്വല്ലറി അധികൃതർ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രാവിലെ ചെയിൻ വാങ്ങുന്നതിനായി എത്തിയ യുവാവ് സെയിൽസ്മാൻ മറ്റ് ആഭരണങ്ങൾ ഡിസ്പ്ലേ ചെയ്യുന്നതിനായി മാറ്റിവെക്കുന്ന സമയം ചെയിൻ തന്ത്രപരമായി സ്വന്തം പോക്കറ്റിലേക്ക് ഇട്ടശേഷം ജ്വല്ലറിയിൽ നിന്നും സമർത്ഥമായി കടന്ന് കളഞ്ഞതായി മനസ്സിലാക്കി. മലബാർ ഗോൾഡ് ജ്വല്ലറിയിലെ ഡെപ്യൂട്ടി മാനേജർ ശ്രീ.ഷിജിലിൻ്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച നടക്കാവ് പോലീസ് പ്രതിയുടെ വ്യക്തമായ ക്യാമറ ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളിലെ മോഷ്ടാവുമായി രൂപസാദൃശ്യമുള്ള ഒരാൾ പെരിന്തൽമണ്ണയിൽ ഉണ്ട് എന്ന് രഹസ്യ വിവരം ലഭിക്കുകയും ചെയ്തു. ശേഷം നടക്കാവ് പോലീസ് സംശയിക്കുന്ന ആളിനെ കസ്റ്റഡിയിൽ എടുക്കുകയും ശേഷം ജ്വല്ലറിയിൽ എത്തിച്ച് പരാതിക്കാരൻ പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുള്ളതാണ്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നാലിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നടക്കാവ് പോലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാരായ ലീലാ വാസുദേവൻ, സാബുനാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർ .ജുനൈസ്, . രജീഷ് സിവിൽ പോലീസ് ഓഫീസർമാരായ . വിജേഷ് യു.സി, . അബ്ദുൽ സമദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.