
ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിലേറെയും അഭിഭാഷകരാണെന്നാണ് പ്രാഥമിക വിവരം. ഇസ്ലാമാബാദ് കോടതി പരിസരത്ത് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെയാണ് ഇസ്ലാമാബാദിലും സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. സ്ഫോടനം നടന്ന സ്ഥലത്ത് നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇവയ്ക്കെല്ലാം കേടുപാടുകള്‍ സംവിച്ചിട്ടുണ്ട്. കോടതിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരും അഭിഭാഷകരുമാണ് പരിക്കേറ്റവരില്‍ ഭൂരിഭാഗവും. തെക്കന്‍ വസീറിസ്ഥാനിലെ വാനയില്‍ തെഹ്രീകെ താലിബാന് പാക്കിസ്ഥാന് നടത്തിയ ആക്രമണത്തിന് പിന്നാലെ പാക് സുരക്ഷാ സേന തിരിച്ചടിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇസ്ലാമാബാദിനെ വിറപ്പിച്ച സ്ഫോടനം.
അതേസമയം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കാറിനുള്ളില്‍ സ്ഫോടനം നടന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതായിരുന്നു.ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനം നടന്നത്. വാഹനങ്ങള്‍ക്ക് തീപിടിച്ചു. അഗ്നിശമനസേനയും സുരക്ഷാ സേനയും സ്ഥലത്തെത്തി. ആളുകളെ ഒഴിപ്പിക്കുന്നു. ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ എട്ട് പേര് മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു.ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1 ന് സമീപം ഒരു കാറില്‍ സ്ഫോടനം നടന്നതായി ഫോണ്‍കോള്‍ ലഭിക്കുകയായിരുന്നു എന്ന് ഡല്‍ഹി അഗ്നിശമനസേന ഓഫീസര്‍ അറിയിച്ചു. സ്ഫോടനത്തിന് പിന്നാലെ സിഎന്‍ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി അധികൃതര്‍ സംശയിക്കുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും സുരക്ഷാ സേന സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവമാണ് സ്ഫോടനത്തിന് കാരണമെന്ന് കരുതപ്പെടുന്നു.ജമ്മു കശ്മീര്‍ പൊലീസിന്റെയും ഹരിയാന പൊലീസിന്റെയും സംയുക്ത സംഘം നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു അന്തര്‍സംസ്ഥാന ഭീകര മൊഡ്യൂള്‍ കണ്ടെത്തി.സ്ഫോടനത്തിന് ശേഷം ഡല്‍ഹിയില്‍ അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി എല്‍എന്‍ജെപി ആശുപത്രിയില്‍ വൃത്തങ്ങള്‍ അറിയിച്ചു.അതേസമയം ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയില്‍ ഉണ്ടായ സ്ഫോടനത്തിന് പിന്നാലെ രാജ്യമാകെ അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുകയാണ്.




