
ഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ലോഞ്ചിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ആദ്യ ട്രെയിനിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണെന്നും, ഈ വർഷം ഡിസംബറോടെ സ്ലീപ്പർ ട്രെയിൻ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഡൽഹിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.ട്രെയിനിന്റെ ബോഗിയിലും സീറ്റുകളിലും ചില ചെറിയ മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. ഈ വിഷയങ്ങൾ ഇപ്പോൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ റാക്കിന്റെ പരീക്ഷണ സമയത്ത് ഉയർന്നുവന്ന എല്ലാ പ്രശ്നങ്ങളും ആദ്യ ട്രെയിനിലും രണ്ടാമത്തെ ട്രെയിനിലും പരിഹരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.
more news:വ്യാജ സിപ്‌ലൈൻ അപകട വീഡിയോ നിർമിച്ച പ്രതിയെ അറസ്റ്റ് ചെയ്തത് സ്വാഗതാർഹം : വയനാട് ടൂറിസം അസോ.
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഒക്ടോബർ 15 ഓടെ അവതരിപ്പിക്കുമെന്നാണ് നേരത്തേ റെയിൽവെ മന്ത്രി അറിയിച്ചത്. തുടർന്ന് സാങ്കേതിക തകരാറുകൾ കണ്ടെത്തിയതോടെ തീയതി നീട്ടുകയായിരുന്നു. പുതിയ ട്രെയിൻ ഡിസംബറോടെ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ മന്ത്രി അറിയിച്ചത്. ആദ്യ പ്രോട്ടോടൈപ്പിലെ പ്രശ്നങ്ങൾ പരിഹരിച്ചതായി ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎൽ) അധികൃതരും അറിയിച്ചു. കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെയും മേൽനോട്ടത്തിൽ വിപുലമായ പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷമുള്ള മാറ്റങ്ങൾ ആദ്യ ട്രെയിനിൽ (പ്രോട്ടോടൈപ്പ്) വരുത്തുകയാണ്. ഇതൊരു പ്രോട്ടോടൈപ്പ് ആയതുകൊണ്ട്, എല്ലാ സുരക്ഷാ, സൗകര്യ മാനദണ്ഡങ്ങളിലും ട്രെയിൻ പരിശോധിക്കുന്നത് സ്വാഭാവികമാണ്.
തീവ്രമായ പരിശോധനകൾക്കും നിർദ്ദേശിച്ച മാറ്റങ്ങൾക്കും ശേഷം ആദ്യ റാക്ക് ഞങ്ങളുടെ അടുത്ത് തിരിച്ചെത്തിയിട്ടുണ്ട്, ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബി ഇ എം എൽ ആണ് 10 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി ഒരുക്കുന്നത്.
നേരത്തെ, ഒക്ടോബർ 28-ന് ആർ ഡി എസ് ഒ ക്ക് അയച്ച കത്തിലാണ് റെയിൽവേ മന്ത്രാലയം 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചത്. അതേസമയം വന്ദേഭാരത് സ്ലീപ്പർ കേരളത്തിനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ തിരുവനന്തപുരം-മംഗലാപുരം റൂട്ടിലായിരിക്കും പുതിയ സർവ്വീസ് വരിക. നേരത്തേ സ്ലീപ്പർ ബെംഗളൂരിലേക്ക് ലഭിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരന്നെങ്കിലും ആ റൂട്ട് പരിഗണിക്കാനാകില്ലെന്ന് റെയിൽവെ അറിയിക്കുകയായിരുന്നു.




