മുക്കം: വർണഭംഗിയുടെ വിസ്മയ കാഴ്ചകളുമായി വഴിയോരങ്ങളിൽ റംമ്പൂട്ടാൻ പഴങ്ങളുടെ വിൽപ്പന വർധിക്കുന്നു. കൊവിഡ് പ്രതിസന്ധിക്കിടയിൽ റംബൂട്ടാൻ വിളവെടുപ്പ് ആരംഭിച്ചതോടെ കർഷകർക്ക് ഏറെ ആശ്വാസത്തിൻ്റെ തണൽ ലഭിച്ചിരിക്കുകയാണ്. മിക്ക പാതയോരങ്ങളിലും പെട്ടികളിൽ ചുവപ്പും മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള റംബൂട്ടാൻ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് കാണാം. ചിലർ കാറുകളിൽ ഡിസ്പ്ലേ ചെയ്താണ് വിൽപ്പന നടത്തുന്നത്. വാഹനങ്ങളിൽ കടന്ന് പോകുമ്പോൾ റംമ്പൂട്ടാൻ്റ വർണഭംഗിയുടെ വിസ്മയം ആരെയും കൊതിപ്പിക്കുന്നതാണ്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് റംമ്പൂട്ടാൻ്റെ വിളവെടുപ്പ് ആരംഭിക്കുന്നത്. മിക്ക ജില്ലകളിലെ പാതയോരങ്ങളിലും കടകളിലും സൂപ്പർ മാർക്കറ്റുകളിലുമൊക്കെ റംമ്പൂട്ടാൻ പഴങ്ങളുടെ വർണവസന്തം തന്നെ ഇപ്പോൾ കാണാം. തെക്കൻ ജില്ലകളായ പത്തനംതിട്ട, കോട്ടയം ഭാഗങ്ങളിലെ തോട്ടങ്ങളിൽ നിന്നുള്ള റംമ്പൂട്ടാൻ പഴങ്ങളാണ് വഴിയോര വിൽപ്പന കേന്ദ്രങ്ങളിൽ എത്തുന്നതെന്ന് കച്ചവടക്കാർ പറയുന്നു. കൊവിഡ് പ്രതിസന്ധി മൂലം ജോലിയില്ലാതെ വലയുമ്പോൾ റംമ്പൂട്ടാൻ വിൽപ്പനയിലൂടെ കിട്ടുന്ന ചെറിയ ലാഭം ഉപജീവനത്തിനുള്ള വഴിയായി തെരഞ്ഞെടുത്തിരിക്കുകയാണ് പലരും. ചുവപ്പ് മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള മൂന്ന് തരം റംമ്പൂട്ടാനാണ് വിപണിയിൽ കാണപ്പെടുന്നത്. തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിലാണ് റംമ്പൂട്ടാൻ വ്യാവസായികമായി കൃഷി ചെയ്യുന്നത്. മലേഷ്യയാണ് മുമ്പിലുള്ളത്. കേരളത്തിൽ തെക്കൻ ജില്ലകളിലാണ് റംമ്പൂട്ടാൻ തോട്ടങ്ങൾ കൂടുതലായുള്ളത്. രോമനിബിഡമായ റംമ്പൂട്ടാൻ പഴത്തിന്റെ ഉൾഭാഗത്തിലെ കാമ്പാണ് ഭക്ഷിക്കുന്നത്. ഇവയിൽ കുരുവുള്ളതും തീരെ കുരുവില്ലാത്തതുമുണ്ട്. കുരുവില്ലാത്ത റംമ്പൂട്ടാനും രുചിയിൽ കേമനാണ്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് പൂക്കളുണ്ടാവുന്നത്. തുടർന്ന് നാല് മാസത്തിന് ശേഷം വിളവെടുവെടുക്കാം. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ വിട്ടുമുറ്റത്തും വളപ്പുകളിലും ഇരുണ്ട പച്ചപ്പിന്റെ മരങ്ങളിൽ ചുവപ്പും മഞ്ഞയുടെയും നിറചാർത്തിൽ നിൽക്കുന്ന റംമ്പൂട്ടാൻ പഴങ്ങൾ മനോഹര കാഴ്ചയാണ്.