കക്കയം: ദിവസങ്ങൾക്കിടയിൽ കക്കയം ഇരുപത്തെട്ടാംമൈലിൽ നിന്നും വീണ്ടും രാജവെമ്പാലയെ പിടികൂടി. ഇന്നു വൈകിട്ട് ഇരുപത്തെട്ടാംമൈൽ – കക്കയം റോഡിലെ രണ്ടാംവളവിൽ താമസിക്കുന്ന വാളനിലയിൽ ഷൈജൻ്റ വീടിന് സമീപത്തു നിന്നാണ് പാമ്പിനെ പിടികൂടിയത്. വൈകിട്ട് അഞ്ച് മണിയോട നായകുരയ്ക്കുന്നതിനെ തുടർന്ന് നോക്കുമ്പോഴാണ് വീടിന് പിന്നിലെ കൊക്കോ മരത്തിൽ കയറിയ രാജവെമ്പാലയെ വീട്ടുകാർ കണ്ടത്.
വനം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് താമരശ്ശേരിയിൽ നിന്നുള്ള ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി പാമ്പിനെ സന്ധ്യയോടെ പിടികൂടി. ഏകദേശം 4.5. മീറ്റർ നീളവും 15 കിലോഗ്രാം തൂക്കമുണ്ട്.കേവലം മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് സമീപ സ്ഥലമായ ഇരുപത്തേഴാംമൈലിലെ വീടിന് സമീപത്തും ഒരുമാസം മുൻപ് കല്ലാനോട് ഭാഗത്ത് നിന്നും രാജവെമ്പാലയെ തുടർച്ചയായി പിടികൂടിയത്. വന്യമൃഗങ്ങളാൽ ജീവന് പോലും ഭീക്ഷണിയായി മാറിയ ഈ മേഖലയിൽ തുടർച്ചയായി ഇത്തരം ഉഗ്രവിഷപാമ്പുകളെ കണ്ടതോടെ പ്രദേശവാസികൾ ആകെ ഭീതിയിലാണുള്ളത്. പിടികൂടി വനാതിർത്തിയിൽ തള്ളുന്നതാണ് വിഷപാമ്പുകൾ ജനവാസ മേഖലകളിൽ തുടർച്ചയായി എത്തുന്നതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.