
കോഴിക്കോട് : കോഴിക്കോട് നഗരസഭയുടെ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയിൽ തിരിമറി നടന്നതുമായി ബന്ധപ്പെട്ട് ടൗൺ പോലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി, സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയും കോഴിക്കൂട് വിതരണം ചെയ്ത മലപ്പുറം കോട്ടക്കുന്ന് അഗ്രോ ആൻറ് പൗള്‍ട്രി ഫാമേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി നൽകിയ പരാതിയും പരിഗണിച്ചാണ് നടപടി.
കോഴിക്കൂട് വിതരണം ചെയ്ത മലപ്പുറം കോട്ടക്കുന്ന് അഗ്രോ ആൻറ് പൗള്‍ട്രി ഫാമേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിക്ക് പണം കൊടുക്കാതെ ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്നാണ് ആരോപണം. 2020-21 കൊല്ലം ജനകീയാസൂത്രണപദ്ധതി പ്രകാരം ബേപ്പൂര്‍ മൃഗശുപത്രി സീനിയര്‍ വെറ്റിനറി സര്ജൻ ഇ-ടെന്‍ഡര്‍ ക്ഷണിച്ച് നടപ്പാക്കിയ പദ്ധതിയിലാണ് ക്രമക്കേട്.
കമ്പനി 90 കൂടുകൾ നല്‍കിയതിൽ 19 പേരുടെ ഗുണഭോക്തൃവിഹിതം ഉള്‍പ്പെടെ 1,69,100 രൂപ മാത്രമാണ് കിട്ടിയതെന്നാണ് കമ്പനിയുടെ പരാതി. ബാക്കി വിഹിതമായ 3,15,950 രൂപ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥന് കോര്‍പറേഷനില്‍ അടച്ചില്ലെന്നാണ് ആരോപണമെന്ന് സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നു.
കോര്‍പറേഷന്റെ രശീതി കൊടുക്കാതെ കർഷകരിൽ നിന്ന് അവരുടെ വിഹിതം ശേഖരിച്ചതായാണ് നഗരസഭ നടത്തിയ പ്രാഥമിക അന്വേഷണത്തിലുള്ള നിഗമനം. വിശദമായ അന്വേഷണം നടത്തി നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറിയുടെ പരാതി.