
കോഴിക്കോട്: എയര്‍ലൈന്‍ കമ്പനികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ക്യൂആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തിയതായി മൈക്രൊ ഹെല്‍ത്ത് ലബോറട്ടറീസ് മാനെജ്മെന്റ് അറിയിച്ചു. മൈക്രൊലാബിന്റെ പേരില്‍ കോവിഡ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ക്കെതിരെ നിയമനടപടികള്‍ തുടര്‍ന്നുവരുന്നു. ദുബായിലേക്കുള്ള യാത്ര മുടങ്ങിയവര്‍ക്ക് കൊവിഡ് ടെസ്റ്റ് തുക തിരിച്ചു നല്‍കുമെന്നും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യപ്പെട്ടവര്‍ക്ക് പുതിയത് എടുത്തു നല്‍കുമെന്നും മാനെജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വ്യാജസര്‍ട്ടിഫിക്കറ്റ് നല്കിയ വളാഞ്ചേരി അര്‍മ ലാബിലെ ജീവനക്കാര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ലാബ് ഉടമ ഉള്‍പ്പെടെ ഉള്ളവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരുന്നതായാണ് വിവരം. കൊവിഡ് പരിശോധനയ്ക്ക് ഐസിഎംആര്‍ അംഗീകാരം നല്കിയ രാജ്യത്തെ ആദ്യസ്ഥാപനങ്ങളില് ഒന്നാണ് മൈക്രൊ ഹെല്‍ത്ത് ലബോറട്ടറീസ്. ഗള്‍ഫ് നാടുകളിലേക്ക് വിമാനസര്‍വിസ് പുനരാരംഭിച്ചതോടെ അവിടങ്ങളിലേക്കുള്ള നോകൊവിഡ് സര്‍ട്ടിഫിക്കറ്റിനുള്ള അംഗീകൃത കേന്ദ്രമായി മൈക്രൊ ലാബുകള്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇത് ലാബുകള്‍ക്കു മുന്നില്‍ വലിയ തിരക്കു സൃഷ്ടിക്കുകയും സന്ദര്‍ശകര്‍ക്ക് കൊവിഡ് പ്രൊട്ടോകോള്‍ പാലിക്കാന്‍ കഴിയാത്ത സ്ഥിതിവരുകയും ചെയ്തപ്പോഴാണ് വിവിധ ലാബുകളില്‍നിന്ന് സാംപിളുകള്‍ സ്വീകരിക്കാന്‍ മാനെജ്മെന്റ് തീരുമാനിച്ചത്. ഇതുപ്രകാരം കൊവിഡ് റിപ്പോര്‍ട്ട് ആവശ്യമുള്ള ഒരാള്‍ക്ക് അതത് പ്രാദേശിക മേഖലകളിലെ ലാബുകളില്‍ സാംപിള്‍ നല്കിയാല് മതി. ആ സാംപ്ള്‍ കോഴിക്കോട് മൈക്രൊയിലേക്ക് അയക്കുകയും ഇവിടെനിന്ന് പരിശോധിച്ച് റിസല്‍ട്ട് നല്‍കുകയും ചെയ്യുന്നതാണ് രീതി.
കൊവിഡ് നെഗറ്റിവ് ആണെങ്കില്‍ അയച്ച ആള്‍ക്കോ ലാബിനോ മൈക്രൊ ലാബ് നേരിട്ട് റിസല്‍ട്ട് നല്‍കും. പൊസിറ്റിവ് ആണെങ്കില്‍ വിവരം ആരോഗ്യവകുപ്പിന് കൈമാറണം എന്നാണു ചട്ടം. ഇതുപ്രകാരം പാലക്കാട് തൂത സ്വദേശി അബ്ദുല്‍ അസീസിന്റെ സ്രവസാംപ്ള് വളാഞ്ചേരി അര്‍മ ലാബില്‍നിന്ന് ഈ മാസ 13ന് മൈക്രൊയില് ലഭിക്കുകയും ആയത് പൊസിറ്റിവ് ആണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു. ഇതേസമയം തന്നെ അര്‍മ ലാബ് ഇദ്ദേഹത്തിന് കൊവിഡ് നെഗറ്റിവാണെന്നു കാണിച്ച് മൈക്രൊ ലാബിന്റെ പേരില്‍ റിസല്‍ട്ട് നല്‍കിയിരുന്നു. മൈക്രൊയുടെ റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യവകുപ്പില്‍നിന്ന് ഉദ്യോഗസ്ഥര്‍ അസീസിനെ വിളിക്കുയും ക്വാറന്റയ്നില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം അര്‍മ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് വിദേശത്തുപോകാന്‍ ഒരുങ്ങുകയായിരുന്ന അസീസ് ഉടനെ മൈക്രൊ ലാബുമായി ബന്ധപ്പെട്ടു. ഇദ്ദേഹത്തിന്റെ കൈവശമുള്ള റിപ്പോര്‍ട്ടിലെ ലാബ് ഐഡി മൈക്രൊ ലാബില്‍നിന്ന് ആരാഞ്ഞപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. മറ്റൊരു നെഗറ്റിവ് ആയ വ്യക്തയയുടെ ലാബ് ഐഡി ഉപയോഗിച്ച് മൈക്രൊയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു അര്‍മ ലാബ്. ഉടനെ മൈക്രൊ ലാബ് മാനേജ്മെന്റ് വളാഞ്ചേരി പൊലീസില്‍ പരാതി നല്കി. പൊലീസ് നടത്തിയ റെയ്ഡില്‍ മൈക്രൊയുടെ ലെറ്റര്‍ഹെഡും സീലും ഉള്‍പ്പെടെ അര്‍മ ലാബില്‍നിന്ന് പിടിച്ചെടുക്കുകയും ലാബ് പൂട്ടി സീല്‍ വെക്കുകയും ചെയ്തു. ഇത്തരത്തില്‍ 2500ഓളം സര്‍ട്ടിഫിക്കറ്റുകള്‍ മൈക്രൊയുടെ പേരില്‍ വ്യാജമായി നിര്‍മിച്ചു നല്‍കിയെന്നാണ് പൊലീസ് നല്കിയ വിവരം. ധാരാളമായി ആളുകളില്‍നിന്ന് സാംപ്ള്‍ സ്വീകരിക്കുകയും രണ്ടോ മൂന്നോ എണ്ണം മൈക്രൊ ലാബിലോ മറ്റെവിടെയെങ്കിലുമോ അയച്ച് ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ബാക്കി വ്യാജമായി നെഗറ്റിവ് അടിച്ചുനല്കുകയും ചെയ്യുന്നതാണ് അര്‍മ ലാബിന്റെ രീതി.
ഇതേസമയം, അര്‍മ ലാബ് അടിച്ചു നല്കിയ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വഴി വിദേശത്തെത്തിയ ചിലര്‍ക്ക് കൊവിഡ് പൊസിറ്റിവ് ആയി. ഇത് ദുബൈയിലെ ആരോഗ്യമാര്ഗരേഖ അനുവദിക്കുന്നതിലും കൂടുതല്‍ ആയപ്പോഴാണ് മൈക്രൊലാബിന്റെ അംഗീകാരം താല്‍ക്കാലികമായി ദുബൈ ആരോഗ്യവകുപ്പ് അധികൃതര്‍ എടുത്തുമാറ്റിയത്. അതേസമയം, ദുബൈ ഒഴികെ യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്കോ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കോ മൈക്രൊ ലാബിന്റെ കൊവിഡ് സര്‍ട്ടിഫിക്കറ്റിന് വിലക്കില്ല. ദുബൈ അധികൃതരെ സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ മൈക്രൊ ലാബ് മാനെജ്മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മൈക്രൊ സര്‍ട്ടിഫിക്കറ്റുമായി എയര്‍പോര്‍ട്ടില്‍ എത്തിയ ചിലര്‍ക്ക് യാത്രപോകാന്‍ കഴിയാതെ മടങ്ങേണ്ടിവന്നതില്‍ മാനെജ്മെന്റ് അതിയായ ദു:ഖം രേഖപ്പെടുത്തുന്നു.
https://www.youtube.com/watch?v=Mi1hlOKD2c0