തിരുവന്തപുരം:തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കൊലപാതകം ആസൂത്രിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളമത്തിലാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്. ആര്‍എസ്എസ്-ബിജെപി നടത്തിയ ഗൂഢാലോചനയുടെ ശ്രമഫലമാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മരണത്തില്‍ കലാശിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് രാഷ്ട്രീയ കൊലപാതകമല്ലെന്നു പറഞ്ഞ പൊലീസ് നടപടിയെ കോടിയേരി വിമര്‍ശിച്ചു. ഗൂഢാലോചനയില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം ശക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. അതേസമയം, അറസ്റ്റിലായരില്‍ മൂന്ന് പേര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന ചേദ്യത്തിന് കൊലക്ക് പകരം കൊലയല്ല സിപിഎം നയമെന്നും കോടിയേരി മറുപടി നല്‍കി. 2016നു ശേഷം കേരളത്തില്‍ സിപിഎമ്മിന്റെ 20 പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. 15 പേരെ കൊലപ്പെടുത്തിയത് ബിജെപി-ആര്‍എസ്എസ് സംഘമാണ്. ഇതിനകം കേരളത്തില്‍ ആര്‍എസ്എസ്സിന്റെ കൊലക്കത്തിക്ക് ഇരയായി 215 സിപിഎം പ്രവര്‍ത്തകര്‍. ശക്തമായ പാര്‍ട്ടി പ്രവര്‍ത്തകരെ ഇല്ലാതാക്കി സിപിഎമ്മിനെ തകര്‍ക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.