രാജമൗലിയുടെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമായ ‘ RRR ‘ (രുധിരം രണം രൗദ്രം) ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ RRR ‘. ചിത്രത്തില്‍ ‘ന പാട്ട സൂടു നാട്ട’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാം റീല്‍സുകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ജൂനിയര്‍ എന്‍.ടി ആറും, രാം ചരണും ഒന്നിച്ച പാട്ടിലെ ഡാന്‍സ് സ്റ്റെപ്പുകളാണ് ഇപ്പോള്‍ ആരാധകരെ ത്രസിപ്പിക്കുന്നത്. ഇരുവരും ചേര്‍ന്നുള്ള ഡാന്‍സ് സ്റ്റെപ്പ് അനുകരിച്ച് കൊണ്ട് സിനിമാലോകവും ആരാധകരും സിനിമയ്ക്കൊപ്പം ചുവടുവയ്ക്കുകയാണ്.
ഏവരെയും ആവേശമുണര്‍ത്തുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടൊരുക്കിയ ട്രെയിലറിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 2022 ജനുവരി 7നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ബാഹുബലി 2 ന്റെ വിജയത്തിനു ശേഷം 2018 നവംബര്‍ 19നാണ് രാജമൗലി ‘ആര്‍ആര്‍ആറി’ന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളോളം ഷൂട്ടിങ് നിര്‍ത്തി വയ്ക്കേണ്ടി വന്നു. തുടര്‍ന്ന് സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുനരാരംഭിക്കുകയായിരുന്നു.
ജൂനിയര്‍ എന്‍.ടി ആര്, രാം ചരണ്‍ എന്നിവര്‍ക്ക് പുറമേ അജയ് ദേവ്ഗണ്, ആലിയാ ഭട്ട്, ശ്രീയ ശരണ്‍, സമുദ്രക്കനി, ഒലിവിയ മോറിസ്, എന്നിവരും താരനിരയിലുണ്ട്. അജയ് ദേവ്ഗണ്, ആലിയാ ഭട്ട് എന്നിവര്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് രുധിരം രണം രൗദ്രം.
1920 കളിലെ സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാ രാമരാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാമരാജുവായി രാം ചരണ്‍ തേജയും, ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറും എത്തുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയവരാണ് ഇരുവരും.
അതേസമയം യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ ഇരുവരെയും സിനിമയിലൂടെ ഒന്നിപ്പിക്കുകയാണ് രാജമൗലി. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും. ഐ മാക്സിലും 3Dയിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.