കോഴിക്കോട്: ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെ സ്വായത്തമാക്കി ബാലുശ്ശേരി ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു ഔദ്യോഗികപ്രഖ്യാപനം നടത്തും. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ സ്‌കൂളാണിത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പാന്റ്‌സും ഷര്‍ട്ടുമണിഞ്ഞ 260 ഓളം വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലേക്ക് എത്തിയത്.
സംസ്ഥാനത്ത് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം സജ്ജീവമായതോടെ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ കുട്ടികള്‍ക്ക് അനുയോജ്യമായ രീതികള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കി. ഫുള്‍കൈ വേണ്ടവര്‍ക്ക് ആ രീതിയിലും മതപരമായ രീതികളിലും അനുവാദമുണ്ട്.
ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലിംഗഭേദമില്ലാത്ത യൂണിഫോം രീതി നടപ്പാക്കുന്നതില്‍ രക്ഷിതാക്കള്‍ക്കിടയില്‍ നിന്നും കുട്ടികള്‍ക്കിടയില്‍ നിന്നുമുള്ള ആവശ്യം ശക്തമായിരുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ ആര്‍. ഇന്ദു പറഞ്ഞു.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള വളയന്‍ചിറങ്ങര ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളാണ് സംസ്ഥാനത്ത് ആദ്യമായി യൂണിസെക്‌സ് യൂണിഫോം പുറത്തിറക്കിയത്. യൂണിഫോം ഏകീകരണത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ കുട്ടികള്‍ക്കിടയില്‍ വളര്‍ന്ന് വരുന്ന പൊതുബോധത്തെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നു.
അതേസമയം വസ്ത്രസ്വാതന്ത്യത്തിലുള്ള കടന്നുകയറ്റമാണ് യൂണിഫോം ഏകീകരണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നാരോപിച്ച് ചില മതസംഘനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.