
കല്‍പറ്റ: വയനാട്ടിലെ കാക്കവയലില്‍ നിയന്ത്രണംവിട്ട മാരുതി ആള്‍ട്ടോ കാര്‍ മില്‍മയുടെ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് ദമ്പതികള്‍ അടക്കം ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തമിഴ്‌നാട് നീലഗിരി പാട്ടവയല്‍ പുത്തന്‍പുരയില്‍ പ്രവീഷ്(39), ഭാര്യ ശ്രീജിഷ(34), അമ്മ പ്രേമലത(62) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ രണ്ടര വയസ്സുള്ള മകന്‍ ആരവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ബാലുശേരി നന്‍മണ്ടയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു പ്രവീഷും കുടുംബാംഗങ്ങളും. കാറില്‍ ഒപ്പമുണ്ടായിരുന്ന സഹോദരി പ്രീജയെയും ഭര്‍ത്താവ് ബിജുവിനെയും കല്‍പറ്റയില്‍ ഇറക്കിയശേഷമാണ് പ്രവീഷ് പാട്ടവയലിലേക്കു തിരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ശ്രീജിഷയുടെ മരണം കല്‍പറ്റ ഗവ.ആശുപത്രിയിലും പ്രവീഷിന്റെയും പ്രേമലതയുടെയും കല്‍പറ്റ ലിയോ ആശുപത്രിയിലുമാണ് സ്ഥിരീകരിച്ചത്. വിജയനാണ് പ്രവീഷിന്റെ പിതാവ്. പ്രവിത, പ്രവ്യ എന്നിവര്‍ മറ്റു സഹോദരിമാരാണ്.