മുക്കം .ഇക്കോ സെൻസിറ്റീവ് സോൺ- വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പ്രശ്നപരിഹാരം കാണണം. ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും ( CEC ) പരിസ്ഥിതി , വനം , കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും എത്രയും വേഗം സമീപിക്കണമെന്നാവശ്യപെട്ട് രാഹുൽ ഗാന്ധി എം. പി കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു
ഈ വിധി പ്രകാരം ദേശീയ പാർക്കുകളുടെയും വന്യജീവി സാങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ് ESZ പരിധിയിൽ വരും. ഇത് വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാർഗത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളൾക്ക് വക വെക്കുമെന്ന ആശങ്ക വർദ്ധിച്ചുവരികയാണ്. പശ്ചിമഘട്ടത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായതിനാൽ, ഒരു കിലോമീറ്റർ കുറഞ്ഞത് ESZ നിലനിർത്തുന്നത് നമ്മുടെ ഗ്രാമവാസികളായ ജനങ്ങളുടെ ജീവിതമാർഗങ്ങളെ തടസ്സപ്പെടുത്തും, അവരിൽ പലരും ഈ സംരക്ഷിത പ്രദേശങ്ങളിൽ തലമുറകളായി സമാധാനപരമായി സഹവസിക്കുന്നുവരാണ്- രാഹുൽ ഗാന്ധി എം പി കത്തിൽ പറയുന്നു.
കോടതി വിധിയിൽ കുറഞ്ഞ ദൂരപരിധി എന്നതിൽ ജനങ്ങളുടെ അതിശക്തമായ പ്രതിഷേധം ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് സെൻട്രൽ എംപവേർഡ് കമ്മറ്റിയേയും (CEC) പരിസ്ഥിതി , വനം , കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും (MoEF & CC) സമീപിക്കാം എന്നും എംപവേർഡ് കമ്മറ്റിയുടെയും പരിസ്ഥിതി , വനം , കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും ശുപാർശകൾ കോടതി പരിഗണിക്കുന്നതാണ് എന്നും പറയുന്നുണ്ട്. ഈ ഒരു സാധ്യത പരമാവധി ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ESZ പരിധി കുറച്ച് ജനങ്ങളുടെ ജീവിതത്തെ ബാധിക്കാത്ത വിധം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും ( CEC ) പരിസ്ഥിതി , വനം , കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും ( MoEF & CC ) എത്രയും വേഗം സമീപിക്കണമെന്നും പ്രശ്ന പരിഹാരത്തിനുള്ള എല്ലാ നിയമ സാധ്യതകളും തേടണമെന്നും രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.