കോഴിക്കോട്: കാളൂർറോഡിൽ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് ചീട്ടുകളി നടത്തിവന്ന സംഘത്തെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എ.ശ്രീനിവാസ് ഐപിഎസ് ൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും സബ്ബ് ഇൻസ്പെക്ടർ എസ്.അഭിഷേകിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടി. അർദ്ധരാത്രിയോടെ നടന്ന റെയ്ഡിൽ ചീട്ടുകളി സംഘത്തിൽ പെട്ട ആറുപേരെയാണ് കസബ സബ് ഇൻസ്പെക്ടർ എസ് അഭിഷേക് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡിൻ്റെ സഹായത്തോടെ കസബ പോലീസ് ഫ്ളാറ്റ് വളയുകയായിരുന്നു. തൊണ്ണൂറ്റി മൂവായിരം രൂപയാണ് പോലീസ് കണ്ടെടുത്തത്. പോലീസിന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ ഏഴുദിവസത്തിലധികം ഒരേ ഫ്ളാറ്റിൽ തുടരാതെ വിവിധ സ്ഥലങ്ങളിലായാണ് സംഘം ചട്ടുകളി നടത്താറുള്ളത്. ചീട്ടുകളിയിൽ ആകൃഷ്ടരായി പലർക്കും വാഹനങ്ങളും വീടും വരെ വിൽക്കേണ്ടിവന്നിട്ടുണ്ടെന്ന് പിടിയിലായവർ പറഞ്ഞു. എന്നെങ്കിലും കളിച്ച് നഷ്ടപ്പെട്ട പണം തിരികെ കിട്ടുമെന്ന് പ്രതിക്ഷിച്ചാണ് പലിശയ്ക്ക് കടം വാങ്ങിയിട്ടായാലും ചീട്ട് കളിക്കുന്നതെന്നും പ്രതികൾ പറഞ്ഞു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, അനൂജ്, കസബ പോലീസിലെ സുധർമ്മൻ, ജീജൻ, ശ്രീജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.