KERALAlocaltop news

കോഴിക്കോട് നഗരസഭാ കൗൺസിലിലും “പുക ഉയർത്തി ” സോണ്ട ഇൻഫ്രെടെക് വിഷയം

കോഴിക്കോട്: മാലിന്യത്തിൽ നിന്ന് ഊർജം   ലഭ്യമാക്കുന്ന ഞെളിയൻ പറമ്പിലെ പ്ലാന്റ് നിർമ്മാണം, അതിനുള്ള വിവാദ കമ്പനിയായ സോണ്ടയുമായുള്ള കരാർ എന്നിവ സംബന്ധിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് ചേർന്ന കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗത്തിൽ പ്രതിഷേധമുയർത്തി. യോഗാരംഭത്തിൽ യു.ഡി.എഫിലെ കെ.സി.ശോഭിത, കെ.മൊയ്തീൻ കോയ, ബി.ജെ.പിക്ക് വേണ്ടി നവ്യ ഹരിദാസ് എന്നിവരാണ് ഞെളിയൻ പറമ്പ് കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പാശ്ചാത്തലത്തിൽ, അതേ സ്ഥാപനം തന്നെ നിർവഹണം ഏറ്റെടുത്ത ഞെളിയൻ പറമ്പ് പ്ലാന്റ് സംബന്ധിച്ച് കോർപറേഷൻ നിലപാട് വ്യക്തമാക്കാൻ അടിയന്ത ചർച്ച വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. സഭ തുടങ്ങിയയുടൻ യു.ഡി.എഫ് അംഗങ്ങൾ ബാനറും ബി.ജെ.പി അംഗങ്ങൾ പ്ലക്കാർഡുമായി എഴുന്നേറ്റു. ഞെളിയൻ പറമ്പിൽ കെഎസ്ഐഡിസിക്ക് നൽകിയ 12.67 ഏക്കർ ഭൂമി തിരിച്ചെടുക്കുക, സോണ്ടാ കമ്പനിയുമായുള്ള കരാർ റദ്ദാക്കി അവരെ കരിമ്പട്ടികയിൽ ഉൾപെടുത്തുക എന്നെഴുതിയ ബാനർ യു.ഡി.എഫും കരാർ റദ്ദാക്കണമെന്ന പ്ലക്കാർഡ് ബി.ജെ.പിയുമുയർത്തി ആയിരുന്നു പ്രതിഷേധം.  സാമ്പത്തിക വർഷാവസാനം അടിയന്തര നടപടിക്കുള്ള അജണ്ടകൾ ചർച്ച ചെയ്യുന്ന പ്രത്യേക കൗൺസിലാണെന്നും വ്യാഴാഴ്ചയും പ്രത്യേക കൗൺസിൽ ഉണ്ടെന്നും അപ്പോൾ ഞെളിയൻ പറമ്പ് പ്രശ്നം വിശദമായി ചർച്ച ചെയ്യാമെന്നും മേയർ ഡോ. ബീനാ ഫിലിപ്പ് അറിയിച്ചു. തുടർന്ന് യോഗം മറ്റ് അജണ്ടകളിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ ഉറവിട മാലിന്യ സംസ്ക്കരണത്തിനുള്ള പദ്ധതികളിൽ വേണ്ടത്ര അപേക്ഷകരില്ലാത്ത കാര്യം ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ.എസ്.ജയശ്രീ വിശദീകരിച്ചു. മാലിന്യം വൻ വിവാദമാവുന്ന സമയത്ത് അവ ഉറവിടങ്ങളിൽ തന്നെ സംസ്ക്കരിക്കാനുള്ള പദ്ധതികൾ ജനകീയമാക്കാൻ കൗൺസിലർമാർ ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു. ഞെളിയൻ പറമ്പ് പ്ലാന്റിന്റെ കരാർ ഏറ്റെടുത്ത സോണ്ട കമ്പനിക്ക് പ്രഹസനമെന്നപോലെ നാല് തവണ കരാർ നീട്ടിക്കൊടുത്തതല്ലാതെ ഒന്നും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത  പിന്നീട്മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അപകടകരമായ സാഹചര്യമനുഭവിക്കുന്ന സാധാരണജനങ്ങൾക്ക് വേണ്ടിയാണ് തങ്ങളുടെ പ്രതിഷേധം. കമ്പനി ആവശ്യപ്പെട്ട 75 ശതമാനം തുക കോർപറേഷൻ നൽകരുതെന്നും കമ്പനിയെ മാറ്റി നിർത്തണമെന്നുമുള്ള ആവശ്യം പൂർത്തിയാക്കുംവരെ പ്രതിഷേധം തുടരുമെന്നും  ശോഭിത പറഞ്ഞു. കോഴിക്കോടിന്റെ സ്ഥിരം പരാതിയായ പാർക്കിങ്ങ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബീച്ചിൽ തുറമുഖവകുപ്പിന് കീഴിലെ സ്ഥലത്ത് പുതിയ സംവിധാനമൊരുക്കും. കേരള മാരിടൈം ബോർഡിന് കീഴിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തിയുള്ള പദ്ധതിക്ക് മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗം അംഗീകാരം നൽകി. പഴയ ലയൺസ് പാർക്കിനടുത്തും ഭട്ട് റോഡ് ബീച്ചിലുമാണ് സംവിധാനം വരിക. കോർപറേഷനും മാരിടൈം ബോർഡും ചേർന്ന് വിശദ പദ്ധതി രേഖ തയ്യാറാക്കി ഇരുവരും മുതൽ മുടക്കിന്റെ പകുതി വീതം വഹിക്കുന്ന വിധമാവും പദ്ധതി. റവന്യൂ വരുമാനവും  പങ്കിടുന്ന സംയുക്ത സംരംഭം നടത്താനാണ് തീരുമാനം. മുതൽമുടക്ക് തിരിച്ച് കിട്ടും വരെ നിശ്ചിത കൊല്ലത്തേക്ക് വരുമാനം പങ്കിടും. അതിന് ശേഷം പാർകിങ് പദ്ധതി മാരി ടൈം ബോർഡ് തിരിച്ചെടുക്കും. ഇതു സംബന്ധിച്ച് മാരിടൈം അധികൃതരുമായി നടത്തിയ          യോഗത്തിൽ ഉരുത്തിരിഞ്ഞ മൂന്ന് പദ്ധതികളിൽ ഒന്നിച്ച് ചെലവുകളും വരുമാനവും പങ്കിടുന്ന പദ്ധതിയാണ് കോർപറേഷന് കൂടുതൽ ഉചിതമായി തോന്നുന്നതെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് പറഞ്ഞു. കോർപറേഷൻ മാരിടൈം ബോർഡിൽ നിന്ന് സ്ഥലം നിശ്ചിത ഫീസിന് നൽകി . സ്വകാര്യ പങ്കാളിത്തത്തോടെ  പദ്ധതി നടപ്പാക്കാമെന്ന നിർദ്ദേശവും ബന്ധപ്പെട്ട യോഗത്തിൽ ഉയർന്നു. ഇവ രണ്ടിനേക്കാളും ഉചിതം ഒന്നിച്ച് പദ്ധതി നടപ്പാക്കുകയാണെന്ന് കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. ഇക്കാര്യം വെള്ളിയാഴ്ച നടക്കുന്ന ബന്ധപ്പെട്ടവരുടെ യോഗത്തിൽ കോർപറേഷൻ അവതരിപ്പിക്കും. സൗത് ബീച്ചിലും ഇതേ രീതിയിൽ പാർക്കിങ് സംവിധാനം ഒരുക്കാനാവുമോയെന്ന് പരിശോധിക്കണമെന്ന് എസ്.കെ. അബൂബക്കർ ആവശ്യപ്പെട്ടു. കെ. മൊയ്തീൻ കോയ, കെ.സി.ശോഭിത, ഒ.സദാശിവൻ എന്നിവരും സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close