KERALAlocalPoliticstop newsVIRAL

കോഴിക്കോട് നഗരസഭാ കൗൺസിൽ : പകരംവീട്ടി പ്രതിപക്ഷ തുടക്കം: വട്ടം കറങ്ങി ഭരണപക്ഷം

കോഴിക്കോട് : മുൻ കൗൺസിൽ യോഗങ്ങളിൽ അവഗണനയേറ്റ് തളർന്ന പ്രതിപക്ഷം ഭരണപക്ഷത്തെ വട്ടം കറക്കി പകവീട്ടൽ തുടങ്ങി. ശ്രദ്ധ ക്ഷണിക്കലിലടക്കം കത്തിക്കയറിയ പ്രതിപക്ഷത്തിന് മുന്നിൽ സംയമനം പാലിക്കേണ്ട അവസ്ഥയിലായി മേയർ ഒ. സദാശിവൻ്റെ ഭരണപക്ഷ ടീം . യുഡിഎഫിലെ എസ്.കെ. അബൂബക്കറാണ് തനത് ശൈലിയിൽ ആരോപണത്തിന് തുടക്കമിട്ടത്. കെ സ്മാർട്ടിൽ തയ്യാറാക്കിയ അജണ്ടയിൽ മേയറുടേയോ നഗരസഭാ സെക്രട്ടറിയുടെയോ പേരില്ലാത്തത് ഗുരുതര വിഷയമാണെന്ന് എസ് കെ അബൂബക്കർ ചൂണ്ടിക്കാട്ടി. ഒപ്പില്ലാത്ത അജണ്ട എങ്ങനെ ചർച്ച ചെയ്യാനാകും. അജണ്ടയുമായി ബന്ധപ്പെട്ട ഫയൽ പരിശോധിക്കാൻ പോലും സൗകര്യമില്ലാത്തതിനാൽ കൗൺസിൽ മാറ്റി വയ്ക്കണമെന്നും, ഒപ്പിട്ട ശേഷം കൗൺസിൽ ചേർന്നാൽ മതിയെന്നും എസ്.കെ അബൂബക്കർ തുറന്നടിച്ചു. മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന മുൻ കൗൺസിലുകളിൽ പ്രതിപക്ഷത്തെ അവഗണിച്ച് പാസ് – പാസ് ചൊല്ലി അജണ്ട പാസാക്കലും, ഡസ്ക്കിലടിച്ച് പ്രസംഗം തടസപ്പെടുത്തുന്ന പതിവും ഇന്നുണ്ടായില്ല. പ്രതിപക്ഷ നേതാവ് മുഹമ്മദ് ഷമീൽ തങ്ങൾ, കൗൺസിലർ കെ.സി ശോഭിത , സി.പി സലിം എന്നിവരുടെ വിമർശനം കാതു കൂർപ്പിച്ചിരുന്ന് കേൾക്കേണ്ട അവസ്ഥയിലായിരുന്നു മേയർ ഒ. സദാശിവൻ. 76 അംഗ കൗൺസിലിൽ ഭരണപക്ഷത്തിന് 35ഉം യു ഡി എഫിന് 28 ഉം ബിജെപിക്ക് 13 ഉം അംഗങ്ങളാണുള്ളത്. യു ഡി എഫിനെ ബി ജെ പി അനുകൂലിക്കുമോ എന്ന ആശങ്കയിൽ പിരിമുറുക്കം വർധിക്കവെ ബിജെപിയുടെ നമ്പിടി നാരായണൻ രക്ഷക്കെത്തിയതോടെയാണ് പ്രശ്നം അവസാനിച്ചത്. കെ സ്മാർട്ടിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന സൂപ്രണ്ടിങ് എഞ്ചിനിയറുടെ ഉറപ്പ് മുഖവിലയ്ക്കെടുക്കാമെന്നും, അതുവരെ സംശയമുള്ള അജണ്ടകൾ മാറ്റി വയ്ക്കാം എന്നുമായിരുന്നു നമ്പിടി നാരായണൻ്റെ നിലപാട്. ഇതോടെയാണ് അതുവരെ കത്തിക്കയറി നിന്ന പ്രതിപക്ഷ തെല്ല് അടങ്ങിയത്. അങ്ങനെ ബി ജെ പി യുടെ ഇടപെടലിൽ മുഖം രക്ഷിച്ചെടുക്കേണ്ട അവസ്ഥയിലായി ഭരണപക്ഷം . തുടർന്ന് തർക്കം അവസാനിപ്പിച്ച് ശ്രദ്ധ ക്ഷണിക്കലിന് മേയർ ഒ. സദാശിവൻ അനുമതി നൽകുകയും കൗൺസിൽ യോഗം ശാന്തമായി തുടരുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close