കെ. ഷിന്റുലാല്‍
കോഴിക്കോട് : കൊട്ടാരക്കരയില്‍ പോലീസിനെ ‘സാക്ഷിയാക്കി’ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെയുള്‍പ്പെടെ കൊടും കുറ്റവാളികളെ കാക്കേണ്ട ജയിലുദ്യോഗസ്ഥരുടെ ജീവനും തുലാസില്‍ ! വിവിധ കേസുകളിലായി സംസ്ഥാനത്തെ ജയിലുകളിലുള്ളത് 9350 തടവുകാരാണ്. ഇവരെ നിരീക്ഷിക്കുന്നതുള്‍പ്പെടെ വിവിധ വകുപ്പുകളിലായി സംസ്ഥാനത്തെ ജയിലുകളിലുള്ളത് 2039 ജീവനക്കാര്‍ മാത്രമാണ്. പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭീഷണിയായി മാറുന്ന കുറ്റവാളികളെ മാസങ്ങളോളവും വര്‍ഷങ്ങളോളവും ഒപ്പം നിര്‍ത്തി പരിചരിക്കേണ്ട സംസ്ഥാനത്തെ ജയില്‍ ജീവനക്കാര്‍ക്കാണ് ഈ ദുരവസ്ഥ. കഴിഞ്ഞ മാസത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജയിലുകളില്‍ 376 ജീവനക്കാരുടെ ഒഴിവുകളാണുള്ളത്. 2415 ജീവനക്കാര്‍ വേണ്ടിടത്ത് 2039 പേര്‍ മാത്രമാണുള്ളത്. തടവുകാര്‍ ഏതെങ്കിലും രീതിയില്‍ ജയിലിനുള്ളില്‍ തെറ്റുകള്‍ ചെയ്താല്‍ ബലിയാടാകുന്നതും ജയില്‍ ജീവനക്കാരാണ്.അംഗബലമില്ലാത്തത് കൊണ്ടുണ്ടാകുന്ന വീഴ്ചകള്‍ക്ക് ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍ പതിവാണ്.
തടവുകാരുമായി ഏറ്റവുമടുത്ത് ഇടപെടുന്ന വിഭാഗമായ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത്. 278 ഒഴിവുകളാണ് ഈ മേഖലയില്‍ മാത്രമുള്ളത്. 1284 പ്രിസണ്‍ ഓഫീസര്‍ വേണ്ടിടത്ത് 1006 പേരാണുള്ളത്. ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലും 15 ഒഴിവുകളാണുള്ളത്. 87 പേരുടെ തസ്തികയില്‍ 72 പേര്‍ മാത്രമാണുള്ളത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസ്‌മെന്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ കോര്‍പറേഷന്‍) മുഖേന താത്കാലികാടിസ്ഥാനത്തില്‍ വിമുക്ത ഭടന്‍മാരെ നിയമിക്കാറുണ്ടെങ്കിലും ഇവരെ സെന്‍ട്രല്‍ ജയിലുകളിലേക്ക് മാത്രമാണ് അനുവദിക്കുന്നതെന്നും മറ്റു ജയിലുകളില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.