കോഴിക്കോട് : മലബാറിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രി എന്ന പരിഗണന നൽകി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി വിഭാഗത്തിലെ സ്റ്റാഫ് പാറ്റേണിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി ഒഴിവുകൾ നികത്തണമെന്നും നൂതന പരശോധനാ ഉപകരണങ്ങൾ ലഭ്യമാക്കി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ.
വിഷയത്തിൽ അടിയന്തര പ്രാധാന്യം നൽകി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ പരിശോധനാഫലം ലഭിക്കുന്നതിനുള്ള കാലതാമസത്തെ കുറിച്ചുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടുകളും അനുബന്ധ രേഖകളും പരിശോധിച്ച കമ്മീഷൻ, പരിശോധനകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് അനുസൃതമായി ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടില്ലെന്ന് കണ്ടെത്തി. നിലവിലുള്ള തസ്തികകളിൽ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഇല്ലാത്ത അവസ്ഥയാണെന്നും ഉത്തരവിൽ നിരീക്ഷിച്ചു. പ്രതികൂല സാഹചര്യങ്ങളിലും അധികൃതർ പരമാവധി സേവനം നൽകുന്നുണ്ടെന്നും കമ്മീഷൻ വിലയിരുത്തി. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉദാസീനതയോ മനപൂർവമുള്ള കാലതാമസമോ ഉണ്ടായിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
കമ്മീഷൻ ഇടപെട്ടതോടെ അടിയന്തര സ്റ്റാഫ് മീറ്റിംഗ് നടത്തി ബയോപ്സി റിപ്പോർട്ടുകൾ വൈകുന്നതിന്റെ കാരണങ്ങൾ പരിശോധിച്ചതായി ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. 2023 ൽ സ്ഥലം മാറിപോയ അസിസ്റ്റന്റ് പ്രൊഫസർമാർക്കും ഒരു അസോസിയേറ്റ് പ്രൊഫസർക്കും പകരം ആളെ നിയമിച്ചിട്ടില്ല. ഡോക്ടർമാർ, ലാബ് ടെക്നീഷ്യൻമാർ, ജൂനിയർ ലാബ് അസിസ്റ്റന്റുമാർ, മ്യൂസിയം ക്യൂറേറ്റർ എന്നിവരുടെ ഒഴിവുകൾ നികത്താൻ അപേക്ഷ നൽകിയപ്പോൾ ഒരു ജൂനിയർ ലാബ് അസിസ്റ്റന്റിനെ മാത്രം സ്ഥിരപ്പെടുത്തി നിയമിച്ചു. 60% റിപ്പോർട്ടുകൾ ഒന്നോ പരമാവധി രണ്ടോ ആഴ്ചകൾക്കുള്ളിൽ തയ്യാറാക്കി വിവിധ വിഭാഗങ്ങളിലേക്ക് ഇ-മെയിൽ വഴി അയയ്ക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.