കല്‍പ്പറ്റ: തലപ്പുഴയില്‍ മാവേയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി തണ്ടര്‍ബോള്‍ട്ടും പൊലീസും. മക്കിമലയില്‍ കുഴിച്ചിട്ട ഉഗ്രപ്രഹരശേഷിയുള്ള ബോംബുകള്‍ എവിടെ നിന്ന് ലഭിച്ചെന്നതില്‍ അന്വേഷണം തുടരുമ്പോള്‍ കനത്ത ജാഗ്രതയിലാണ് ഈ മേഖല. കബനീദളത്തിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയോടെ വിക്രം ഗൗഡയുടെ നേതൃത്വത്തില്‍ അന്യസംസ്ഥാനക്കാരായ മാവോയിസ്റ്റുകള്‍ കേരളം വിട്ടെന്ന വിവരം പുറത്തുവന്നിരുന്നു. സി പി മൊയ്തീന്, കല്‍പ്പറ്റ സ്വദേശി സോമന്, തൃശ്ശൂര്‍ സ്വദേശി മനോജ്, ആഷിക്, എന്നീ മാവോയിസ്റ്റുകളാണ് കബനീദളത്തില്‍ ഇനി അവശേഷിക്കുന്ന നാല് പേരെന്നാണ് സൂചന.
മക്കിമലയില്‍ കണ്ടെത്തിയ സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കാനായി മാവോയിസ്റ്റുകള്‍ക്ക് എവിടെ നിന്നാണ് ഇവ ലഭിച്ചതെന്ന ചോദ്യത്തിന്റെ ഉത്തരമാണ് പൊലീസ് ഇപ്പോള്‍ തേടുന്നത്. സംഘടന നിര്‍ജീവമല്ല എന്ന് തെളിയിക്കാനായി മാവോയിസ്റ്റുകള്‍ നടത്തിയ നീക്കമായാണ് മക്കിമലയില്‍ സ്ഫോടന വസ്തുക്കള്‍ സ്ഥാപിച്ചതെന്നും സൂചനകളുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള തലപ്പുഴയില്‍ വനം വകുപ്പ് വാച്ചര്‍മാര്‍ പരിശോധനയ്ക്കിടെയാണ് ബോംബ് കണ്ടെത്തിയത്. വൈകാതെ തണ്ടര്‍ബോള്‍ട്ട് സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കിയിരുന്നു. ഉഗ്രപ്രഹരശേഷിയുള്ള രണ്ട് ബോംബുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. സ്ഫോടക വസ്തുവില്‍ നിന്നുള്ള വയര്‍ 150 മീറ്റര്‍ അകലെ ഉള്വനത്തിലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. അഞ്ച് കിലോയുടെ സിലിന്‍ഡ്രിക്കല്‍ ഐഇഡിയാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. എട്ട് ജലാറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ ബോംബാണ് കണ്ടെത്തിയത്.