ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ വെടിവെപ്പില്‍ ഇന്ത്യന്‍ കേണലിനും രണ്ട് ജവാന്മാര്ക്കും വീരമൃത്യു. ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയില്‍ ഇന്നലെ രാത്രിയാണ് ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടിയത്.
ആന്ധ്ര്യ വിജയവാഡ സ്വദേശിയായ കേണല്‍ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യ അറിയിച്ചു. അതേ സമയം, സൈനികര്‍ കൊല്ലപ്പെട്ടതിനെ സംബന്ധിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യമാണുള്ളത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും അടിയന്തര ചര്‍ച്ച നടത്തി. സംയുക്ത സേനാ മേധാവിയും മൂന്ന് സേനകളുടെ തലവന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 1975ന് ശേഷം സൈനികരുടെ മരണം ഇതാദ്യമാണ്. ഏപ്രില്‍ മുതല്‍ ഇരുസേനകളും അതിര്‍ത്തിയില്‍ ഏറ്റുമുട്ടലിന്റെ പാതയിലാണ്. ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിന് ബ്രിഗേഡിയര്‍, കേണല്‍ തലത്തില്‍ ഇന്നലെയും ചര്‍ച്ച നടന്നെങ്കിലും പിന്മാറ്റം ധാരണയായില്ല.