Politics
ബിജെപിയുടെ വിമര്‍ശനം; പിന്നാലെ രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പിടിച്ചുലച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ അഗ്‌നിവീര്‍, ഹിന്ദു എന്നിവ അടക്കമുള്ള പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കി. സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് ചില പരാമര്‍ശങ്ങള്‍ നീക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു.
രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി കഴിഞ്ഞ ദിവസംതന്നെ രംഗത്തെത്തിയിരുന്നു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ രണ്ടുതവണ ഇടപെടുകയും രാഹുല്‍ മാപ്പു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്പീക്കറും പ്രസംഗത്തിനിടെ ഇടപെട്ടു. പിന്നാലെയാണ് പല പരാമര്‍ശങ്ങളും സഭാരേഖകളില്‍നിന്ന് നീക്കിയിട്ടുള്ളത്.
അഗ്‌നിവീര്‍ പദ്ധതിയെക്കുറിച്ചും ഹിന്ദു മതത്തെക്കുറിച്ചുമടക്കം രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഭരണകക്ഷിയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ‘ഭയവും വിദ്വേഷവും പരത്തുന്നതല്ല ഹിന്ദുമതം. എന്നാല്‍ ഹിന്ദുവെന്ന് സ്വയം വിളിക്കുന്നവര്‍ അക്രമത്തിലും വിദ്വേഷത്തിലും ഏര്‍പ്പെടുന്നു. നിങ്ങള്‍ യഥാര്‍ഥ ഹിന്ദുവല്ല’ എന്നായിരുന്നു പരാമര്‍ശം. അഗ്‌നിവീറുകളെ കൈകാര്യം ചെയ്യുന്നത് ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന തരത്തിലാണന്നും വിമര്‍ശിച്ചിരുന്നു.