കോഴിക്കോട്: സാഹിത്യനഗരം പദവി നേ ടിയ കോഴിക്കോട് കോർപറേഷനെ
കൗൺസിൽ യോഗം അഭിനന്ദിച്ചു. അക്ഷരത്തെ സ്‌നേഹിക്കുന്ന, മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നഗരത്തിന് യുനെസ്‌കോയുടെ സാഹിത്യനഗരം പദവി ലഭിച്ചതുമായി ബന്ധപ്പെട്ട് മധുരം നൽകികൊണ്ടും സാഹിത്യ നഗരവുമായി ബന്ധപ്പെട്ട് അടിയന്ത പ്രമേയം ഡെപ്യൂട്ടി മേയർ തന്നെ അവതരിപ്പിച്ചുമാണ് പുതിയ പദവി ആഘോഷമാക്കിയത്. ലോകത്തിനു മുമ്പിൽ കോഴിക്കോട് നഗരത്തിന്റെ യശസ് ഉയർത്തിയ അഭിമാനകരമായ സന്ദർഭമാണിതെന്ന് ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ് പ്രമേയത്തിൽ പറഞ്ഞു.
യുനസ്‌കോയുടെ പുരസ്‌കാരം പോർച്ചുഗലിലെ ബ്രാഗാ നഗരത്തിലെ ചടങ്ങിൽ മേയർ ബീനാഫിലിപ്പ് ഏറ്റുവാങ്ങുന്ന നിമിഷത്തിലാണ് ഡെപ്യൂട്ടി മേയർ സാഹിത്യനഗരവുമായി ബന്ധപ്പെട്ട അടിയന്തിരപ്രമേയം അവതരിപ്പിച്ചത്.
സാഹിത്യനഗരം പദവി നേടിയെടുക്കാൻ മേയറുടെ നേതൃത്വത്തിൽ ചിട്ടയായി പ്രവർത്തിക്കുകയും അതിനു പിന്തുണ നൽകുകയും ചെയ്ത എല്ലാവരെയും കൗൺസിൽ അഭിനന്ദിച്ചു. നഗരത്തിന്റെ സാഹിത്യ പാരമ്പര്യവും സാംസ്‌കാരികമായ നേട്ടങ്ങളും യുനെസ്‌കോയുടെ മുമ്പാകെ അവതരിപ്പിക്കുന്നതിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ടേഷൻ (കില), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജി കോഴിക്കോട് (എൻ.ഐ.ടി.സി) എന്നി സ്ഥാപനങ്ങൾ വലിയ പിന്തുണയാണ് നൽകിയത്. ഈ സ്ഥാപനങ്ങൾക്കും അതിലെ വിദഗ്ധർക്കും കൗൺസിൽ നന്ദി രേഖപ്പെടുത്തി. എം.ടിയും എസ്.കെയും ബഷീറും ഉറുബും എൻ.പി മുഹമ്മദും കെ.ടി മുഹമ്മദും എൻ.എൻ കക്കാടും പി. വത്സലയും തിക്കോടിയനും പി.എം താജും യു.എ ഖാദറും എം.എസ് ബാബുരാജും കോഴിക്കോട് അബുദുൾഖാദറുമുൾപ്പെടെ ഈ മണ്ണിൽ സാഹിത്യത്തിന്റെയും കലയുടെയും സവിശേഷമായ മുദ്ര പതിപ്പിച്ച നിരവധി മഹാ പ്രതിഭകളുണ്ട്. അവരോടെല്ലാം ഈ നാട് കടപ്പെട്ടിരിക്കുന്നതായും സാഹിത്യനഗരം പദവി കൈവരിച്ച നമുക്ക് വലിയ ഉത്തരവാദിത്തങ്ങളാണ് നിർവഹിക്കാനുള്ളതെന്നും പ്രമേയത്തിൽ പറഞ്ഞു.
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. ഇത്രയും പ്രധാന പരിപാടിയുടെ പ്രഖ്യാപനച്ചടങ്ങ് പ്രഹസനമാക്കി മാറ്റിയെന്ന് ബി.ജെ.പിയിടെ ടി.റനീഷ് ആരോപിച്ചു. ചടങ്ങിന്റെ പ്രാധാന്യം മനസിലാക്കാതെ മുഖ്യമന്ത്രി പരിപാടിക്കെത്തിയെില്ലെന്ന് കെ. മൊയ്തീൻ കോയയും പറഞ്ഞു. അമൃത് കുടിവെള്ള പദ്ധതിയുടെ പൈപ്പിടാൻ വേണ്ടി പൊട്ടിപ്പൊളിച്ച റോഡുകളുടെ പ്രവൃത്തി ഓഗസ്‌റ്റോടെ പൂർത്തിയാക്കും. ഇത് സംബന്ധിച്ച് വാട്ടർഅതോറിറ്റി അധികൃതരുടെ യോഗം ചേർന്നിരുന്നെന്നും അടുത്ത മാസമവസാനത്തോടെ കോർപറേഷനിലെ മുഴുവൻ വാർഡുകളിലേയും റോഡുകളുടെ പ്രവൃത്തി പൂർത്തികരിക്കുമെന്നും ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് അറിയിച്ചു. കൗൺസിലർ കവിത അരുണിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ടീം ഗോകുലം കേരളയുടെ ഹോംഗ്രൗണ്ടായ ഇ.എം.എസ് സ്‌റ്റേഡിയം കേരള ഫുട്‌ബോൾ അസോസിയേഷൻ (കെ.എഫ്.എ) ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചതായി ഡെപ്യൂട്ടി മേയർ കൗൺസിലിൽ പറഞ്ഞു. എസ്.കെ അബൂബക്കറിന്റെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയായാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കല്ലായിപ്പുഴ നവീകരണത്തിന് 5,07,70446 രൂപ കൂടി, പ്രവൃത്തിയുടെ ചുമലയുള്ള ഇറിഗേഷൻ വകുപ്പിന് കൈമാറാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. യോഗത്തിന്റെ അവസാനം ഡെപ്യൂട്ടി മേയർ എക പക്ഷീയമായി പെരുമാറുന്നുവെന്നാരോപിച്ച് യു.ഡി.എഫ് ഇറങ്ങിപ്പോക്കു നടത്തി.