
കോഴിക്കോട്: ബി.എസ് . സി. നേഴ് സിംഗിന് ചേർന്ന കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിയുടെ ഒറിജിനൽ സർട്ടിഫിക്കേറ്റുകൾ സുൽത്താൻ ബത്തേരി വിനായക നേഴ്സിംഗ് കോളേജ് തിരികെ നൽകുന്നില്ലെന്ന പരാതിയിൽ കോളേജ് പ്രിൻസിപ്പൽ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റെതാണ് ഉത്തരവ്.
60,000 രൂപ അഡ്വാൻസ് നൽകിയാണ് കോഴ്സിന് ചേർന്നതെന്ന് പരാതിയിൽ പറയുന്നു. ഹോസ്റ്റൽ, ഭക്ഷണ ചെലവുകൾക്ക് വേറെ തുകയടച്ചു. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും പ്രശ്നം കാരണം
ഹോസ്റ്റൽ മാറേണ്ടി വന്നു. എന്നാൽ മാനേജ്മെന്റ് ഇതിന് അനുവദിച്ചില്ല. തുടർന്ന് പഠനം ഉപേക്ഷിച്ചു. എന്നാൽ ഒറിജിനൽ എസ്.എസ്. എൽ.സി,പ്ലസ് ടു സർട്ടിഫിക്കേറ്റുകൾ തിരികെ നൽകിയില്ല. സർട്ടിഫിക്കേറ്റുകൾ തിരികെ നൽകാത്തതു കാരണം മറ്റ് കോഴ്സുകൾക്ക് ചേരാൻ നിവൃത്തിയില്ല. കൊടുവള്ളി സ്വദേശി ഇഷ്റത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
മാർച്ച് 26 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.