INDIAKERALAlocalNationalOthersPoliticstop newsVIRAL

വയനാട് ചുരത്തിലെ അഴിയാക്കുരുക്ക് : ജൂൺ ആദ്യവാരത്തിൽ യോഗം വിളിച്ച് കോഴിക്കോട് കളക്ടർ

കോഴിക്കോട് : വയനാട്ടിലേക്കുള്ള താമരശേരി ചുരത്തിൽ ആഴ്ച്ചകളായി തുടരുന്ന രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ ഇടപെടുന്നു. ചുരത്തിലെ കുരുക്കഴിച്ച് ജനങ്ങളുടെ യാത്രാക്ലേശം എത്രയും വേഗം പരിഹരിക്കുന്നതിനായി ജൂൺ ആദ്യ വാരം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ കോഴിക്കോട് കളക്ടർ എം. എസ്. മാധവിക്കുട്ടി അറിയിച്ചു. നാഷനൽ ഹൈവേ, പൊതുമരാമത്ത് വകുപ്പ്, റൂറൽ ജില്ലാ പോലിസ് അധികൃതർ എന്നിവരുടെ യോഗമാണ് ഉടൻ വിളിച്ചു ചേർക്കുന്നത്. ചുരത്തിലെ 6, 7, 8, ഹെയർപിൻ വളവുകളിൽ വീതികൂട്ടുന്ന പ്രവർത്തി നടക്കുന്നതിനാൽ മൾട്ടി ആക്സിൽ – ഹെവി ചരക്കു വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി മെയ് 16 ന് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ മൾട്ടി ആക്സിൽ വാഹനങ്ങൾ അടിവാരത്തും ലക്കിടി ഗേറ്റിലും തടയാൻ താമരശേരി പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. ഇതുമൂലം കഴിഞ്ഞ രണ്ടാഴ്ചയായി ചുരത്തിൽ അതിരൂക്ഷമായ ഗതാഗത തടസം നേരിട്ടത് മാധ്യമപ്രവർത്തകരടക്കം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് കളക്‌ടറുടെ അടിയന്തിര ഇടപെടൽ. മാസങ്ങളായി തുടർന്നു വന്ന ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മുൻ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിങ് ചെറുവിരൽ അനക്കാതിരുന്നത് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. വയനാട്ടിലേക്ക് കരിങ്കല്ല്, എം സാൻ്റ് തുടങ്ങി ക്വാറി ഉത്പന്നങ്ങ ളടങ്ങിയ അമിതഭാരം കയറ്റി നിരന്തരം കൂറ്റൻ ടിപ്പറുകൾ ഓടുന്നുണ്ട്. ക്വാറി മാഫിയയെ സഹായിക്കുന്നതാണ് മുൻ കളക്ടറുടെ നിലപാടെന്ന ആക്ഷേപവും ഉയർന്നിരുന്നു. അടിവാരത്തും ലക്കിടി ഗേറ്റിന് സമീപവും താമരശേരി പോലീസിൻ്റെ ഔട്ട് പോസ്റ്റുകളുണ്ട്. എന്നാൽ നിരോധനം ലംഘിച്ച് വരുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾ ഔട്ട് പോസ്റ്റിലെ പോലീസ് ” കാണാറേയില്ല “. ഇതാണ് ചുരത്തിലെ ഗതാഗത പ്രശ്നത്തിന് പ്രധാന കാരണം. പോലീസ് ” കണ്ണടക്കുമ്പോൾ ” ചുരത്തിൽ പ്രവേശിക്കുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾ മിക്ക ദിവസവും ഹെയർപിൻ വളവുകളിൽ കുടുങ്ങുകയോ കേടാവുകയോ ചെയ്യാറുണ്ട്. വെക്കേഷൻ കാലമായതിനാൽ വയനാട്ടിലേക്ക് ബസുകളടക്കം ടൂറിസ്റ്റ് വാഹനങ്ങളുടെ പ്രവാഹമാണ്. ചുരം ആറാം വളവിലെ കൂറ്റൻ പാറ ബ്രേക്കർ ഉപയോഗിച്ച് തകർക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ ഒറ്റവരിയായാണ് പോകുന്നത്. ഇതിനിടെ മൾട്ടി ആക്സിൽ വാഹനങ്ങളും ടിപ്പർ ലോറികളും കടന്നുവരുന്നതാണ് അതിരൂക്ഷമായ ഗതാഗത കുരുക്കിന് കാരണം. ശനിയാഴ്ച്ച മുഴുവൻ ഒന്നര മണിക്കൂറാണ് വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിയത്. ജില്ലാ കളക്ടർ ഇടപെട്ടതോടെ ശനിയാഴ്ച ചുരത്തിൽ ഗതാഗത നിയന്ത്രണത്തിന് താമരശേരി പോലീസിനെ നിയോഗിച്ചിരുന്നു. ഇതുമൂലം മുൻ ദിവസങ്ങളിലേത് പോലെ മൂന്നും നാലും മണിക്കൂർ ആരും ചുരത്തിൽ കുടുങ്ങിയില്ല. ഇനി ചുരത്തിൽ പോലീസ് സാന്നിധ്യം ഉറപ്പുവരുത്താൻ ജില്ലാ കളക്ടർ റൂറൽ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close