
കോഴിക്കോട് : സർക്കാർ മാറിയതിന് പിന്നാലെ കോഴിക്കോട്ടെ സിറ്റി പോലീസ് സഹകരണ സമിതിയെ പുറത്താക്കി ഭരണം യുഡിഎഫ് അനുകൂല പോലീസ് കൈപ്പിടിയിലൊതുക്കിയിരിക്കെ വിവാദത്തിന് തിരികൊളുത്തി പഴയ ഭരണസമിതി പുറത്തുവിട്ട വിശദാംശകുറിപ്പ് ചർച്ചയാകുന്നു. ഭരണം മാറി എന്ന ഒറ്റകാരണത്താൻ പോലീസ് സഹകരണ സംഘത്തിൻ്റെ മുൻ ഭാരവാഹികളെ കരിവാരിതേയ്ക്കാൻ യുഡിഎഫ് അനുകൂല പോലീസുകാർ തുടരുന്ന ശ്രമങ്ങളെ ഖണ്ഡിക്കുകയാണ് പുതിയ വിശദീകരണത്തിലൂടെ. കുറിപ്പ് താഴെ : –
ബഹുമാന്യരേ…
കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയിസ് സഹകരണ സംഘം ഭരണസമിതിയെ കഴിഞ്ഞ ദിവസം സഹകരണ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സസ്പെൻ്റ് ചെയ്ത വിവരം അംഗങ്ങൾ അറിഞ്ഞിരിക്കുമല്ലോ. 2021 ആഗസ്ത് 26 ന് ചുമതല ഏറ്റെടുത്തതു മുതൽ നാളിതുവരെ ഏറ്റവും മികച്ച രീതിയിൽ എല്ലാ സംഘം മെമ്പർമാരെയും ചേർത്തുപിടിച്ചുകൊണ്ട് സംഘത്തിൻ്റെ വികസനത്തിന് ഉതകുന്ന വിധം ഭരണസാരഥ്യം നിർവഹിക്കാനായി എന്നത് ഭരണസമിതിയെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്.
ചില പ്രത്യേക താൽപര്യം മുൻനിർത്തി മെമ്പർമാരെ A ക്ലാസ് എന്നും D ക്ലാസ് എന്നും വിഭജിച്ചിരുന്ന വലിയ അസ്വമത്വത്തിന് അവസാനം കുറിച്ചത് 2021 ൽ പുതിയ ഭരണ സമിതി ചുമതല ഏറ്റെടുത്തതിന് ശേഷമാണെന്ന യാഥാർത്ഥ്യം മാന്യ അംഗങ്ങൾ മറന്നിട്ടില്ലെന്ന് കരുതുന്നു. കാക്കിധാരികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥന്മാരേയും സമൻമാരായി കണ്ട് എല്ലാവർക്കും ഒരേ പോലെ അംഗത്വം കൊടുക്കാനായി എന്നതാണ് കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും വലിയ ഭരണനേട്ടം. അന്ന് D ക്ലാസ് മെമ്പർഷിപ്പ് മാത്രം നൽകി രണ്ടാം തരക്കാരാക്കി മാറ്റിയ 560 ഓളം നമ്മുടെ സഹപ്രവർത്തകരെ പിന്നീട് ആ മെമ്പർഷിപ്പ് തന്നെ പൂർണ്ണമായി റദ്ദ് ചെയ്ത് കൊണ്ട് A ക്ലാസ് മെമ്പർമാരാക്കി മാറ്റാൻ സാധിച്ചു. D ക്ലാസ് മെമ്പർമാർക്ക് സംഘത്തിൻ്റെ ലാഭവിഹിതം ലഭിക്കാൻ അർഹതയില്ലാത്തതിനാൽ ആ ഇനത്തിൽ ലക്ഷക്കണക്കിന് രൂപയാണ് ഈ 560 ഓളം സഹപ്രവർത്തകർക്കും അതുവരെയായി നഷ്ടപെട്ടിട്ടുണ്ടായിരുന്നത്.സഹപ്രവർത്തകർക്ക് സംഭവിച്ച അതിഭീമമായ ഈ സാമ്പത്തിക നഷ്ടത്തെ എങ്ങനെയാണ് ന്യായീകരിക്കാൻ സാധിക്കുക. ( ഈ കാലയളവിലും റിട്ടയർ ചെയ്തിട്ടും ഭീമമായ തുക ഡിവിഡന്റ് ദിനത്തിൽ വാങ്ങിയെടുത്ത മുൻ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു എന്നത് ലജ്ജാകരമാണ് )
നമ്മുടെ സംഘത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് കഴിഞ്ഞ അഞ്ചുവർഷം കാര്യമായ ഒരു പരാതിയും എവിടെ നിന്നും ഉണ്ടായിരുന്നുമില്ല. നടത്തി വന്ന മികച്ച പ്രവർത്തനങ്ങളുടെ ഭാഗമായി *2024 ൽ കേരളത്തിലെ ഏറ്റവും മികച്ച എംപ്ലോയിസ് സൊസൈറ്റിയായി ( ആകെയുള്ള 700 ഓളം സംഘങ്ങളിൽ നിന്നും ) സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തതും നമ്മുടെ സംഘത്തെ ആയിരുന്നു എന്നതും ചരിത്രത്തിൻ്റെ ഭാഗമാണ്*
*സർവീസിലിരിക്കെ മരണപ്പെടുന്ന അംഗങ്ങളുടെ വായ്പ കുടിശ്ശിക പൂർണമായി എഴുതിത്തള്ളുന്ന സുരക്ഷാനിധി പദ്ധതി* *അംഗങ്ങൾക്കായി 10 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പദ്ധതി*
*ഗുരുതരമായ അസുഖം ബാധിച്ച സഹപ്രവർത്തകർക്കായുള്ള ജീവകം പദ്ധതി* *ശബരിമല ഡ്യൂട്ടിക്ക് പോകുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള സൗജന്യ കിറ്റ്* തുടങ്ങിയവ അടക്കം വ്യത്യസ്തവും വൈവിധ്യവുമായ നിരവധി പദ്ധതികളാണ് നമ്മുടെ സംഘം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടപ്പിലാക്കിയത്.വായ്പ അനുവദിക്കുക നിക്ഷേപങ്ങൾ സ്വീകരിക്കുക എന്ന കേവല ലക്ഷ്യത്തിനപ്പുറം അംഗങ്ങളുടെ ക്ഷേമം മുൻനിർത്തി നിരവധി പദ്ധതികൾ ആരംഭിക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഭരണ സമിതിക്ക് സാധിച്ചു.
വ്യക്തിഗത വായ്പ 25 ലക്ഷം ആയി ഉയർത്തിയതും, എമർജൻസി ലോൺ തുക അമ്പതിനായിരത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കി വർധിപ്പിച്ചതും , വന്ധ്യത ചികിത്സക്കും വിനോദയാത്രകൾക്കും പലിശരഹിത വായ്പകൾ അനുവദിച്ചതും ,2021 ന് മുൻപ് മാസത്തിൽ ഒരിക്കൽ മാത്രം ചേർന്നിരുന്ന ഭരണസമിതി യോഗങ്ങൾ രണ്ടാഴ്ച കൂടുമ്പോൾ ചേരാൻ തുടങ്ങിയതും അതുവഴി ലോണിനു വേണ്ടിയുള്ള ഒരു മാസത്തെ കാത്തിരിപ്പ് പകുതിയായി കുറച്ചതും ,നൈറ്റ് ഡ്യൂട്ടി ഇറങ്ങി പോകുന്ന സഹപ്രവർത്തകർക്ക് ഇടപാടുകൾ നടത്താൻ സഹായകരമാവും വിധം സംഘത്തിൻ്റെ പ്രവർത്തനസമയം രാവിലെ 9 മണി മുതൽ ആക്കിയതും ഈ കാലഘട്ടത്തിൻ്റെ നേട്ടങ്ങൾ തന്നെയാണ് .( സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ലോൺ ലഭ്യമാക്കുന്നതിന് വേണ്ടി ഒരു ഭരണസമിതി അംഗത്തിന്റെയും പിറകെ നടക്കേണ്ട സാഹചര്യം ഈ കാലഘട്ടത്തിൽ നിലവിലില്ല 2021 വരെ ഇതായിരുന്നില്ല അവസ്ഥ )
*2021ൽ ചുമതലുകേൾക്കുമ്പോൾ 90 ലക്ഷം രൂപ വാർഷിക നഷ്ടത്തിലായിരുന്ന* സംഘത്തെ തുടർന്നുള്ള അഞ്ചുവർഷങ്ങളിലും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഒരു കോടിക്കു മുകളിൽ ലാഭത്തിൽ എത്തിക്കാനും എല്ലാവർഷവും വളരെ കൃത്യമായി 20% മുതൽ 25 ശതമാനം വരെ ലാഭവിഹിതം അംഗങ്ങൾക്ക് നൽകാനും ഭരണ സമിതിക്ക് കഴിഞ്ഞു.ശമ്പള റിക്കവറി ഇല്ലാത്തത് മൂലം വായ്പ തിരിച്ചടവുകൾ വലിയ രൂപത്തിൽ തടസ്സപ്പെട്ടിരുന്ന കാലഘട്ടങ്ങളിൽ പോലും നഷ്ടത്തിലേക്ക് പോകാതെ സംഘത്തെ ലാഭത്തിൽ തന്നെ നിലനിർത്താൻ സാധിച്ചു എന്നതും അഭിമാനകരമാണ്.
*കഴിഞ്ഞ നാല് വർഷങ്ങളായി മൂന്നുപേർ അടങ്ങിയ ടീം ഓഡിറ്റ് ആയിരുന്നു വളരെ കണിശതയോടെ സഹകരണ വകുപ്പിൽ നിന്നും സംഘത്തിൽ നടത്തിക്കൊണ്ടിരുന്നത്.വലിയ രൂപത്തിലുള്ള ഒരു ന്യൂനതകളും ഒരു ഓഡിറ്റ് റിപ്പോർട്ടുകളിലും ഉണ്ടായിരുന്നില്ല എന്നത് ഓരോ പൊതുയോഗത്തിലും പങ്കെടുത്ത പ്രിയപ്പെട്ട അംഗങ്ങൾക്ക് അറിയാവുന്നതാണല്ലോ*
*എന്നാൽ 2026 ആഗസ്റ്റ് 26ന് 5 വർഷം കാലാവധി പൂർത്തിയാക്കി ഒരു തിരഞ്ഞെടുപ്പിലേക്ക് നിങ്ങുന്ന സമയത്ത് ആ *ഭരണസമിതിയെ മോശക്കാരാക്കി ചിത്രീകരിച്ചുകൊണ്ട് അധികാരം കൈക്കലാക്കുക എന്ന പ്രത്യേക ലക്ഷ്യമാണ് ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾക്ക് പുറകിലുള്ളത് എന്ന് പ്രിയപ്പെട്ട സഹകാരികൾക്ക് മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു*
*സംഘം ഭരണസമിതിയെ സസ്പെൻഡ് ചെയ്യുന്നതിനായി കണ്ടെത്തിയ കാരണങ്ങളിൽ പ്രധാനപെട്ടവ തഴെ പറയുന്നു*
1) *വായ്പാ തിരിച്ചടവ് ശേഷി നോക്കാതെ ലോൺ അനുവദിച്ചു*
സംഘം മെമ്പർമാർക്ക് വിവിധങ്ങളായ ആവശ്യങ്ങൾക്ക് വായ്പ അനുവദിക്കുന്ന കാര്യത്തിൽ ഭരണസമിതി എന്നും പ്രഥമ പരിഗണനയാണ് നൽക കിയിരുന്നത് .വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളും കുടുംബ പശ്ചാത്തലങ്ങളും അസുഖങ്ങളും കാരണം ലോണിന് അപേക്ഷിക്കുന്ന മെമ്പർമാർക്ക് സാങ്കേതിക കാരണങ്ങൾ പറഞ്ഞു ലോൺ നിഷേധിക്കുന്ന രീതി സംഘം ഭരണസമിതി ഒരിക്കലും സ്വീകരിച്ചിട്ടില്ല. ചില വായ്പകൾ സ്വാഭാവികമായും കുടിശ്ശിക ആയിട്ടുണ്ട് എന്നത് യഥാർത്ഥ്യവുമാണ് .ആയത് തിരിച്ചുപിടിക്കാനുള്ള ഊർജ്ജിതമായ നടപടികൾ സംഘം ഭരണസമിതി സ്വീകരിച്ചിട്ടുമുണ്ട്. 2003 മുതൽ 2021 വരെ സർവീസിൽ നിന്ന് വിരമിച്ച 200 പേർക്ക് സംഘത്തിൽ വായ്പ കുടിശിക ഉണ്ടായിരുന്നു. അത്തരം വായ്പകൾ തിരിച്ചു പിടിച്ചത് പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ശേഷമാണ്.
*ഈ ഭരണസമിതി ചുമതല ഏൽക്കുന്നതിനും മുൻപേ 2021 നു മുമ്പ് സർവീസിൽ നിന്ന് വിരമിച്ച 200 പേരിൽ 27 പേരുടെ വായ്പ കുടിശ്ശിക ഇനിയും സംഘത്തിൽ ബാക്കിയുണ്ട്*
*2021 വരെ ഒരു വായ്പ കുടിശികക്ക് പോലും ആർബിട്രഷൻ നടപടികൾ സ്വീകരിക്കാത്ത പഴയ ഭരണസമിതിയിൽ നിന്ന് വ്യത്യസ്തമായി വായ്പ കുടിശികയുള്ള വ്യക്തികൾക്കെതിരെ കൃത്യമായി നിയമനടപടികൾ സ്വീകരിച്ചതും ഈ ഭരണസമിതിയാണ്* ഏതൊരു സംഘത്തെയും സാമ്പത്തികമായി സുരക്ഷിതമായി നിർത്തേണ്ട ഉത്തരവാദിത്വം ഭരണസമിതിക്കാണ്. ആ ഉത്തരവാദിത്വം നിർവഹിക്കുക മാത്രമേ ഇക്കാര്യത്തിൽ ഭരണസമിതി ചെയ്തിട്ടുള്ളൂ.
*2016 മുതൽ 2021 വരെയുള്ള കാലയളവിൽ .മുൻ ഭരണസമിതി അനുവദിച്ച 5 ലക്ഷം മുതൽ 30 ലക്ഷം വരെയുള്ള കുടിശ്ശികയുള്ള വായ്പകൾ ഇന്നും സംഘത്തിൽ ഉണ്ട് എന്നത് യാഥാർഥ്യമാണ് അത്തരം കാര്യങ്ങൾ ഒന്നും സഹകരണ വകുപ്പ് കണ്ടിട്ടേയില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം*
2) *പൊതുയോഗത്തിൽ പങ്കെടുത്തവർക്ക് ഉപഹാരം കൊടുക്കുന്നതിനും, ഡയറി അടിക്കുന്നതിനും, ഓണത്തിന് സമ്മാനമായി മുണ്ട് നൽകിയതിനും വലിയ തുക ചിലവഴിച്ചു*
സംഘത്തിൽ ഡയറി അച്ചടിക്കുന്നതും പൊതുയോഗത്തിൽ ഉപഹാരം കൊടുക്കുന്നതും ചരിത്രത്തിൽ ആദ്യമായിട്ടല്ല. എല്ലാവർക്കും കാലാ കാലങ്ങളായി ഉപഹാരം നൽകാറുണ്ട് .എല്ലാ വർഷവും സംഘത്തിൽ ഡയറി അടിക്കാറുമുണ്ട്. ഈ കാരണം കൊണ്ടു കൂടിയാണ് നടപടി എടുക്കുന്നതെങ്കിൽ പോലിസ് സംഘത്തിൽ ഒരു ഭരണസമിതിയും അഞ്ചുവർഷം തികക്കില്ലായിരുന്നു.
3 ) *സംഘത്തിൽ വലിയ ചിട്ടികൾ ആരംഭിച്ചു*
ഒരു സംഘത്തിന് വ്യത്യസ്തമായ രീതിയിൽ വരുമാനം ആർജ്ജിക്കേണ്ടത് ഭരണസമിതിയുടെ ഉത്തരവാദിത്തമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാർഗമാണ് ചിട്ടികൾ നടത്തുക എന്നത് . നാളിതുവരെ ഇല്ലാത്ത തരത്തിൽ എല്ലാവർക്കും അംഗത്വം നൽകി വലിയ ചിട്ടികൾ ആരംഭിച്ചത് സംഘത്തിന് വരുമാനം വർധിക്കാൻ ഒരു കാരണമായിട്ടുണ്ട്. ഓരോ ചിട്ടികൾ തുടങ്ങുമ്പോഴും സഹകരണ വകുപ്പിന്റെ അനുമതിക്കായി ഭരണസമിതി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
4 ) *പോലീസ് സ്റ്റേഷനിൽ അടിസ്ഥാന വികസനത്തിന് ധനസഹായം നൽകി*
.ഓരോ വർഷത്തെയും ലാഭവിഹിതത്തിൽ നിന്ന് നിശ്ചിത തുകകൾ മെമ്പർ റിലീഫ് ഫണ്ടിലേക്കും കോമൺ ഗുഡ് ഫണ്ടിലേക്കും മാറ്റി കൊണ്ട് ഭരണസമിതി യോഗങ്ങളിലൂടെ മുഴുവൻ യൂണിറ്റുകളിലേക്കും അടിസ്ഥാന സൗകര്യത്തിനായി തുക നൽകിയത് അംഗങ്ങൾക്കും അറിയാവുന്നതാണല്ലോ.
ഓരോ പോലീസ് സ്റ്റേഷനുകളിലും നിരവധി പ്രതിസന്ധികൾ സംഘം മെമ്പർമാരായ പോലീസ് ഉദ്യോഗസ്ഥന്മാർ അനുഭവിക്കുന്നുണ്ട് .ആയത് കണ്ടറിഞ്ഞ് അത്തരം വിഷമതകൾ ഒരു പരിധി വരെ പരിഹരിക്കാനായി സഹായം നൽകുക മാത്രമാണ് ഭരണസമിതി ചെയ്തിട്ടുള്ളത്.
2021 വരെ മേലുദ്യോഗസ്ഥരുടെ ഓഫീസുകൾ മോടി പിടിപ്പിക്കുന്നതിനും ഷട്ടിൽ കോർട്ടുകൾ നിർമ്മിക്കുന്നതിനും ഉപയോഗിച്ചിരുന്ന ഇത്തരം ഫണ്ടുകൾ പോലീസുകാരുടെ ക്ഷേമത്തിന് ഉപയോഗിക്കാൻ സാധിച്ചതിൽ സംഘം ഭരണസമിതിക്ക് അങ്ങേയറ്റം ആഹ്ലാദമുണ്ട്.പോലീസ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ A4 ഷീറ്റുകൾ വരെ ഈ രൂപത്തിൽ നൽകിയതും മെമ്പർമാർ മറന്നിട്ടുണ്ടാവില്ലല്ലോ.
5) *നിയമ പുസ്തകങ്ങൾ സൗജന്യമായി നൽകി*
IPCയിൽ നിന്നും BNS ലേക്ക് ലേക്ക് മാറിയപ്പോൾ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ആവശ്യമായ നിയമ പുസ്തകങ്ങൾ സംഘം ഫണ്ടുപയോഗിച്ച് സൗജന്യമായി നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥന്മാർക്കും പരമാവധി വിലക്കുറവിൽ സംഘം സൂപ്പർമാർക്കറ്റിലൂടെ നിയമ പുസ്തകങ്ങൾ ലഭ്യമാക്കിയതും മുഴുവൻ പോലീസ് യൂണിറ്റുകളിലേക്കും സൗജന്യമായി നിയമ പുസ്തകങ്ങൾ നൽകിയതും ഈ ഭരണസമിതി അഭിമാനത്തോടെയാണ് കാണുന്നത്.
5 ) *റിട്ടയർമെൻറ് ചടങ്ങ് നടത്താൻ വലിയ ഫണ്ട് ചെലവഴിച്ചു*
പോലീസിൽ മികച്ച നിലയിൽ സേവനം നടത്തിയും സംഘത്തിന് വലിയ സംഭാവനകൾ നൽകിയും സർവീസിൽ നിന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്ക് അവർ അർഹിക്കുന്ന നിലയിലുള്ള പ്രൗഢമായ യാത്രയയപ്പാണ് സംഘം നടത്തി വരാറുള്ളത്. ഈ യാത്രയയപ്പ് ചടങ്ങിനായി വലിയ തുക ചെലവഴിച്ചു എന്നതാണ് വലിയ പാതകമായി കണ്ടെത്തിയ മറ്റൊരു കാരണം.
*ഈ നിലയിൽ തികച്ചും അന്യായമായ രൂപത്തിൽ സംഘം ഭരണ സമിതിക്കെതിര നടപടി സ്വീകരിച്ചതിനെതിരെ കോടതിയെ സമീപിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. അർഹമായ നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസവും ഉണ്ട്*
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയിൽ ഭരണസമിതിയെ മോശക്കാരാക്കി ചിത്രീകരിക്കാനായി ചിലർ നടത്തുന്ന ബോധപൂർവ്വമായ പരിശ്രമങ്ങളെയും മാന്യതയില്ലാത്ത കുപ്രചരണങ്ങളേയും
( സ്കൂൾ മാർക്കറ്റിലെ ജീവനക്കരായ കുട്ടികൾ ഞായറാഴ്ച്ചകളിൽ മന്തി കഴിച്ചതാണ് വലിയ അഴിമതിയായി ഇത്തരക്കാർ ചൂണ്ടിക്കാണിക്കുന്നത്😆 )
അർഹിക്കുന്ന അവജ്ഞയോടെ *മാന്യ സഹകരികാരികൾ തള്ളിക്കളയണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു*




