
കോഴിക്കോട് : റാഗിംഗ് സംബന്ധമായ പരാതികൾ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങൾ കോളേജ് അധികൃതർ ശക്തിപ്പെടുത്തണമെന്നും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
വിദ്യാർത്ഥികളോട് അധ്യാപകരും കോളേജ് അധികൃതരും മാനുഷിക സമീപനം പാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ഉത്തരവിൽ പറഞ്ഞു.
2024-25 അധ്യയനവർഷം ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ബി.കോം. വിദ്യാർത്ഥി അനുഭവിക്കേണ്ടി വന്ന മാനസികപിഡനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ വിദ്യാർത്ഥിയുടെ പിതാവ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരന്റെ മകന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ആവശ്യമായ കൗൺസലിംഗ് സഹായങ്ങൾ ലഭ്യമാക്കാൻ കോളേജ് അധികൃതർ ഇടപെടൽ നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ കാലിക്കറ്റ് സർവ്വകലാശാലാ രജിസ്ട്രാർ/വൈസ് ചാൻസലർ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം വേണമെന്ന പരാതിക്കാരന്റെ ആവശ്യം പരിഹരിക്കാൻ സിവിൽ കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.
റാഗിംഗിന് വിധേയനായ തന്റെ മകനെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തതായി പരാതിക്കാരൻ പറഞ്ഞു. പരാതിക്കാരന്റെ മകന്റെ ഹാജർ സംബന്ധമായ വിഷയത്തിൽ സർവ്വകലാശാലയുടെ ചട്ടങ്ങൾ പ്രകാരം തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വിദ്യാർത്ഥികൾക്ക് മാനസിക വിഷമവും ചികിത്സാ സൗകര്യവും പരിഗണിച്ച് കോളേജ് അധികൃതർ വിദ്യാർത്ഥികളോട് സഹാനുഭൂതിയോടെയും കരുതലോടെ പെരുമാറണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. റാഗിംഗ് സംബന്ധമായ ആരോപണങ്ങളിൽ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു




