
കോഴിക്കോട് : വീടുകൾ വാടകയ്ക്കെടുത്ത് ഹോസ്റ്റലുകളാക്കി മാറ്റി പ്രശ്‌നങ്ങളുണ്ടാക്കുന്ന സംഭവം വർധിച്ചുവരുന്നതിനാൽ ഇതു സംബന്ധിച്ച് കർശന പരിശോധന നടത്താൻ മേയർ ഒ.സദാശിവൻ ഹെൽത്ത് / റവന്യു വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകി. യു ഡി എഫ് കൗൺസിലർ സി.പി സലീമാണ് വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ചത്. വാടകക്കെടുക്കുന്ന വീടുകളിൽ ആളുകളെ കുത്തിനിറച്ച് താമസിപ്പിക്കുന്നതുമൂലം ആരോഗ്യ – സാമൂഹിക പ്രശ്നങൾ നിരന്തരം ഉണ്ടാകുന്നതായി അദ്ദേഹം പറഞ്ഞു. കക്കൂസ് ടാങ്കുകൾ നിറഞ്ഞ് കവിയുന്നു. മാലിന്യ പ്രശ്‌നവും രൂക്ഷമാണ്. ശുചിത്വ പ്രോട്ടോക്കോൾ പാലിക്കപെടുന്നില്ല. ഇത്തരം കെട്ടിടങ്ങൾക്ക് വീടുകളുടെ നികുതി മാത്രമെ നഗരസഭയ്ക്ക് ലഭിക്കുന്നുള്ളൂ. കമേഴ്സ്യൽ നികുതി ലഭിക്കേണ്ടതായതിനാൽ നഗരസഭയ്ക്ക് വൻ നഷ്ടമാണ്. ഇക്കാര്യത്തിൽ കൃത്യമായ പരിശോധന നടത്തി വെട്ടിപ്പ് കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൻ്റെ വാർഡിൽ ഇങ്ങനെ വാടകക്കെടുത്ത ഒരു വീട്ടിൽ 48 പേർ താമസിക്കുന്നു. ചില വിദ്യാഭ്യാസ- ടൂഷ്യൻ സ്ഥാപനങ്ങൾ വ്യാപകമായി വീടുകൾ വാടകക്കെടുത്ത് ഹോസ്റ്റലുകളാക്കുന്നു. കക്കൂസ് ടാങ്കുകൾ നിറഞ്ഞ് കവിഞ്ഞ് പരിസരം മലിനപെടുത്തുന്നു. പെൺകുട്ടികളെ ബൈക്കിൽ കയറ്റി രാത്രി വൈകി ഹോസ്റ്റലുകളിൽ വരുന്ന ആൺകുട്ടികളെ പ്രദേശവാസികൾ തടഞ്ഞുവെച്ച സംഭവങ്ങളുണ്ടായി. ഇത് സാമൂഹിക സംഘർഷത്തിലേക്ക് നീങ്ങുന്നു ഇത്തരം പല ഹോസ്റ്റലുകളും ലൈസൻസില്ലാതെ അനധികൃതമായാണ് നടത്തുന്നത് – സയ്യിദ് മുഹമ്മദ് ഷമീൽ പറഞ്ഞു. ഇത് പരിശോധിച്ച് നടപടിയെടുക്കാൻ ഹെൽത്ത് – റവന്യു വിഭാഗങ്ങളെ ചുമതലപ്പെടുത്താൻ മേയർ നിർദ്ദേശിച്ചു. പരിശോധിക്കാൻ ബന്ധപെട്ട വിഭാഗത്തെ ഏൽപിച്ചു കഴിഞ്ഞതായി ആരോഗ്യ സ്ഥിരം സമതി അധ്യക്ഷൻ കെ. രാജീവ് വ്യക്തമാക്കി




