
കോഴിക്കോട് : ബീച്ച് ഫയർ സ്റ്റേഷൻ മീഞ്ചന്തയിലേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിച് നിർദ്ദിഷ്ട സ്‌റ്റേഡിയം പാർക്കിങ്ങ് പ്ലാസ ഭൂമിയിൽ താൽക്കാലികമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കൗൺസിലർ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൗൺസിൽ ഹാളിൽ യു ഡി എഫ് അംഗങ്ങളുടെ മുദ്രാവാക്യം വിളിയും ഇറങ്ങിപ്പോക്കും. എസ് വി സയ്യിദ് മുഹമ്മദ് ഷമിൽ അവതരിപ്പിക്കാൻ ശ്രമിച്ച അടിയന്തിര പ്രമേയത്തിന് അടിയന്തിര പ്രാധാന്യമില്ലെന്ന് ചൂണ്ടികാട്ടിയാണ് മേയർ ഒ. സദാശിവൻ അനുമതി നിഷേധിച്ചത്. അജണ്ട പ്രിൻ്റ് ചെയതതിന് ശേഷം വരുന്ന വിഷയങ്ങൾക്കേ അടിയന്തിര പ്രാധാന്യമുള്ളൂവെന്നും ഫയർ സ്റ്റേഷൻ വിഷയം ഒരു മാസത്തിലധികമായി ചർച്ച ചെയ്യുന്ന കാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് മേയർ അനുമതി നിഷേധിച്ചത്. ഇതിനെ ചോദ്യം ചെയ്ത് യു ഡി എഫിലെ എസ്.കെ അബൂബക്കർ രംഗത്തെത്തി. ഇതിനെ അവഗണിച്ച് എൽഡിഎഫ് അംഗം ഇ. സുനിൽകുമാർ ശ്രദ്ധക്ഷണിക്കലിന് തുനിഞ്ഞതോടെ മുദ്രാവാക്യം വിളിയുമായി മുഴുവൻ യുഡിഎഫ് അംഗങ്ങളും എഴുന്നേറ്റു. മേയർ നീതി പാലിക്കുക എന്ന മുദ്രാവാക്യം ഹാളിൽ മുഴങ്ങവെ സുനിൽകുമാർ ശ്രദ്ധക്ഷണിക്കൽ തുടർന്നു. ഇതോടെ ക്ഷുഭിതരായ യുഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളിയുമായി സഭ ബഹിഷ്കരിച്ച് പുറത്തേക് പോയി. ബിജെപി അംഗങ്ങൾ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്നു. മിനിട്ടുകൾക്കകം ഇവർ തിരികെയെത്തി തുടർന്നു നടന്ന ശ്രദ്ധ ക്ഷണിക്കലിലെ ചർച്ചകളിൽ പങ്കെടുത്തു. നഗരത്തിലെ ശ്മശാനങ്ങൾ അടിയന്തിരമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് ലൈല ബൈജു, കെ.പി. അനിൽകുമാർ, കെ സരിത എന്നിവർ കൗൺസിലിൻ്റെ ശ്രദ്ധ ക്ഷണിച്ചു. വിഷയം ഹെൽത്ത് കമ്മറ്റി ആദ്യം പരിശോധിച്ച് പ്രപ്പോസൽ തയ്യാറാക്കാനും അതനുസരിച്ച് നവീകരണം നടപ്പാക്കാൻ ജനപ്രതിനിധികളും നാട്ടുകാരുമടങ്ങുന്ന കമ്മറ്റി രൂപീകരിക്കുമെന്നും ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ മറുപടി നൽകി. വിവിധ വിഷയങ്ങളിൽ എസ്.കെ അബൂബക്കർ, വി.പി. മനോജ്, സി.പി. സലീം, ടി. എസ്. ഷിംജിത്ത്, പി.കെ ജിജീഷ് , ഹരീഷ് പൊറ്റങ്ങാടി, ടി. റെനീഷ് , തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വൻ വാദപ്രതിവാദങൾക്കും ബഹളത്തിനും കാരണമാകാൻ സാധ്യതയുണ്ടായിരുന്ന – പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടിയടക്കം പാളയം പച്ചക്കറി മാർക്കറ്റുമായി ബന്ധപ്പെട്ട മൂന്ന് അജണ്ടകൾ ചർച്ചക്കെടുക്കാതെ മാറ്റിവച്ചു. വിഷയത്തിൽ ചില സമവായങ്ങൾ ഉണ്ടാകേണ്ടതിനാൽ പാളയം പച്ചക്കറി മാർക്കറ്റ് സംബന്ധിച്ച 80,81, 82 നമ്പർ അജണ്ടകൾ അടുത്ത കൗൺസിലിലേക്ക് മാറ്റുന്നതായി മേയർ വ്യക്തമാക്കി.




