KERALAlocalOtherstop news

വായനക്കാർക്കായി 8344 രൂപയുടെ സൗജന്യ പുസ്‌തകങ്ങളുമായി കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം

 

കോഴിക്കോട് : യുനെസ്‌കോ സാഹിത്യ നഗരം പദ്ധതിയുടെ ഭാഗമായി ‘പേജ് എഗയ്ന്‌സ്റ്റ് ദി മെഷീൻ ‘ പരിപാടിയിൽ, വായനക്കാർക്കായി 8344/- രൂപയുടെ പുസ്‌തകങ്ങളുമായി കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം ശ്രദ്ധേയമായി. വായിക്കാൻ പുസ്‌തകങ്ങളുമായി വരാത്തവർക്കാണ്, കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ ഇരുന്ന് വായിക്കുവാനായി 50 പുസ്തകങ്ങൾ അടങ്ങിയ ഒരു താല്ക്കാലിക പുസ്‌തകശാല ഒരുക്കിയത്.
ജാനമ്മ കുഞ്ഞുണ്ണിയുടെ പ്രഭാത് ബുക്ക് ഹൗസ് നോവൽ പുരസ്‌കാരം നേടിയ ‘ഇരുനിറ പ്പക്ഷികൾ ‘ എന്ന
പുസ്‌തകം മേയർ ഒ.സദാശിവൻ വായിക്കാനായിതെരഞ്ഞെടുത്ത് വിതരണോദ്ഘാടനം നിർവഹിച്ചു.
മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ‘വിശ്വവിഖ്യാതമായ മുക്ക് ‘, ‘പ്രേമലേഖനം ‘, ‘ബാല്യകാല സഖി ‘, ‘പാത്തുമ്മയുടെ ആട് ‘ തുടങ്ങി സി. രാധാകൃഷ്‌ണൻ്റെ ‘മനോമയി ‘, എം.എൻ. കാരശ്ശേരിയുടെ ‘തുഞ്ചൻപറമ്പിലെ ബ്ളീച്ച് ‘, സുഭാഷ് ചന്ദ്രൻ്റെ ‘മധ്യേയിങ്ങനെ ‘, ഡോ. എം.കെ. മുനീറിൻ്റെ ‘ഫാഷിസവും സംഘപരിവാറും’, ബാബുക്കയുടെ സംഗീതവും ജീവിതവും പകർത്തിയ ഡോ. ടി.പി. മെഹറൂഫ് രാജിൻ്റെ പുസ്തകം, വൈക്കം സത്യാഗ്രഹ പശ്ചാത്തലത്തി ലെ ലതാലക്ഷ്മിയുടെ ‘ കനൽഘട്ട്’ , വലിയ വിവാദം സൃഷ്ടിച്ച ഇ.പി. ജയരാജൻ്റെ ആത്മകഥ, യുവ എഴുത്തുകാരി സൂര്യ ഗോപിയുടെ ‘മറുത ‘ വരെ അക്കൂട്ടത്തിലുണ്ട്.
കഥ, കവിത, ലേഖനങ്ങൾ, വൈജ്ഞാനിക സാഹിത്യം, സാഹിത്യവിമർശനം, യാത്രാ വിവരണം, സംഗീതത്തെക്കുറിച്ച് വരെയുളള വൈവിധ്യങ്ങളായ ഗ്രന്ഥങ്ങളാണ് സൗജന്യമായി ദർശനം ഗ്രന്ഥാലയം വിതരണം ചെയ്തത്.
താല്ക്കാലിക പുസ്തകശാലക്ക് ദർശനം സാംസ്‌കാരികവേദി പ്രോഗ്രാം കോ- ഓർഡിനേറ്റർ എം.എ. ജോൺസൺ, മുഖ്യ രക്ഷാധികാരി കവി എൻ. എസ്.മേരി കൊട്ടുപ്പള്ളിൽ ( പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള സാഹിത്യ പുരസ്‌കാര ജേത്രി), വൈസ് പ്രസിഡൻ്റ് എം.എൻ. രാജേശ്വരി, നിർവാഹക സമിതി അംഗങ്ങളായ ആബിദ പള്ളിത്താഴം ടീച്ചർ,
കെ.എം. ശ്രീനിവാസൻ, ജോയിൻ്റ് സെക്രട്ടറി പി.ജസിലുദ്ദീൻ
എന്നിവർ നേതൃത്വം നല്കി.
മാതൃഭൂമി, മനോരമ,ചിന്ത, ഒലീവ്, ഡിസി, പ്രഭാത്,ക്ലാസ് ബുക്സ്, പൂർണ, H&C, പാപ്പിയോൺ, ലിപി, തൃശൂർ കറൻ്റ് , യെസ്പ്രസ് ബുക്സ് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങളാണ് സമ്മാനിച്ചത്.
കോഴിക്കോട് യുനെസ്‌കോ സാഹിത്യ നഗരിയിൽ സ്ഥാപിക്കുന്ന വായനാ മൂലകൾക്കുള്ള ദർശനത്തിൻ്റെ സംഭാവനയായ പുസ്തകങ്ങളും ചടങ്ങിൽ വെച്ച് പ്രവർത്തകർ മേയർക്ക് കൈമാറി.
ദർശനം മുഖ്യ രക്ഷാധികാരി പ്രശസ്‌ത കവിയും ചലച്ചിത്ര-നാടക ഗാനരചയിതാവുമായ പി.കെ. ഗോപിയുടെ ആശംസാ കവിത ആലേഖനം ചെയ്ത സാക്ഷ്യപത്രത്തോടെയാണ് 50 പുസ്തകങ്ങളും കൈമാറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close