top news

ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി; രക്ഷാദൗത്യത്തിന് വേഗം കൂടും

കല്‍പ്പറ്റ: ചൂരല്‍മലയിലെ ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി സൈന്യം തുറന്നുകൊടുത്തു. സൈന്യത്തിന്റെ വാഹനം കയറ്റി പാലത്തിന്റെ ഭാര പരിശോധന നടത്തുകയും ചെയ്തു. മേജര്‍ സീത ഷെല്‍ക്കയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. ചരിത്ര ദൗത്യം 24 മണിക്കൂറിനുള്ളിലാണ് സൈന്യം പൂര്‍ത്തിയാക്കിയത്.

മുണ്ടക്കൈയെയും ചൂരല്‍മലയെയും ബന്ധിപ്പിച്ചുകൊണ്ടാണ് ബെയ്ലി പാലം സൈന്യം നിര്‍മ്മിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സൈന്യം പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നത്. ഏകദേശം 28 മണിക്കൂര്‍ കൊണ്ട് പാലത്തിന്റെ നിര്‍മാണം സൈന്യം പൂര്‍ത്തിയാക്കി.പാലം വന്നതോടെ രക്ഷാദൗത്യത്തിന് വേഗം കൂടും. മദ്രാസ് റെജിമെന്റിലെ എന്‍ജിനീയറിംഗ് സംഘമാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

താത്കാലികമായി നിര്‍മ്മിക്കുന്ന ബെയ്ലി പാലം നാടിന് സമര്‍പ്പിക്കുന്നതായി സൈന്യം അറിയിച്ചിരുന്നു. സ്ഥിരം പാലം വരുന്നതുവരെ ബെയ്ലി പാലം നാടിനെന്ന് മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു. വലിയ ചരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്ലി പാലം.

ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇത്തരം പാലം നിര്‍മ്മിക്കുന്നത്. മുമ്പുതന്നെ നിര്‍മ്മിച്ചുവച്ച ഭാഗങ്ങള്‍ പെട്ടെന്നുതന്നെ ഇതു നിര്‍മ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ത്താണിതു നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ബെയ്ലിപാലം നിര്‍മ്മിച്ചത് സിവിലിയന്‍ ആവശ്യങ്ങള്‍ക്കായിട്ടായിരുന്നു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പമ്പാ നദിക്കു കുറുകെ ബെയ്ലി പാലം നിര്‍മ്മിച്ചത്. പമ്പാനദിക്കു കുറുകെയുള്ള, 36 വര്‍ഷം പഴക്കമുള്ള റാന്നി പാലം തകര്‍ന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിര്‍മ്മിച്ചത്. 1996 നവംബര്‍ എട്ടിനായിരുന്നു റാന്നിയില്‍ സൈന്യം ബെയ്ലി പാലം നിര്‍മ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയായിരുന്നു ഭാരം കുറഞ്ഞ വാഹനങ്ങള്‍ നദി കുറുകെകടന്നത്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ഏറ്റവും ഉയരത്തില്‍ നിര്‍മ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണിത്. ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിര്‍മ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയില്‍ ആണിത് നിര്‍മ്മിച്ചത്. അതിന് 30 മീറ്റര്‍ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പില്‍നിന്നും 5,602 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ ആര്‍മിയായിരുന്നു ഇത് സ്ഥാപിച്ചത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close