തിരുവനന്തപുരം: വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ കേരള പോലീസിലെ മൂന്ന് ഓഫീസർമാർക്കെതിരെ വ്യാജ ലൈംഗീക ആരോപണം ഉന്നയിച്ച റിപ്പോർട്ടർ – മരംമുറി ചാനലിനെതിരെ ആഞ്ഞടിച്ച് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വം. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.ആർ ബിജുവാണ് സമൂഹമാധ്യമങ്ങളിലൂടെ ചാനലിൻ്റെ നെറികെട്ട മാധ്യമ പ്രവർത്തനത്തിനെതിരെ ആഞ്ഞടിച്ചത്. റിപ്പോർട്ടർ ചാനലിൻ്റെ ഉടമകളായ അഗസ്റ്റിൻ സഹോദരങ്ങൾ അടുത്തിടെ വിലയ്ക്ക് വാങ്ങിയ റിപ്പോർട്ടർ ചാനൽ മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ വി.വി. ബെന്നിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത്. ബത്തേരി ഡിവൈഎസ്പി യായിരുന്ന വി.വി. ബെന്നിയാണ് മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ’. അദ്ദേഹത്തെ വിലയ്ക്കെടുക്കാൻ നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടും മികച്ച ട്രാക് റെക്കോർഡുള്ള ബെന്നി ഒന്നിനും വഴങ്ങാതെ കൃത്യമായ കുറ്റപത്രം സമർപ്പിച്ചതാണ് “റിപ്പോർട്ടറെ ” ചൊടിപ്പിച്ചത്. സ്ഥലം മാറ്റപ്പെട്ടിട്ടും ബെന്നി തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ചരിത്രത്തിൽ ആദ്യമായി മരത്തിൻ്റെ കുറ്റിയുടെ ഡി എൻ എ പരിശോധന നടത്തി അഗസ്റ്റിൻ സഹോദരുടെ വീട്ടിമര കൊള്ളക്കെതിരെ കോടതിയിൽ ബെന്നി തെളിവ് സമർപ്പിച്ചതാണ് കടുത്ത വൈരാഗ്യത്തിന് കാരണം. സി.ആർ. ബിജുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം താഴെ –
*കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ*
സംസ്ഥാന കമ്മറ്റി
പ്രിയപ്പെട്ടവരെ,
വർത്തമാനകാലത്ത് പോലീസ് സംവിധാനത്തിനെതിരെയും ചില പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെയും പല രൂപത്തിലുള്ള ആക്ഷേപങ്ങൾ ഉയരുകയും അതിൽ വലിയ ചർച്ചകളും, അന്വേഷണങ്ങളും, നടപടികളും എല്ലാം ഉണ്ടാകുന്നുണ്ട്. അന്വേഷണം നടക്കട്ടെ, വസ്തുതകൾ പുറത്തു വരട്ടെ എന്നതാണ് ഈ വിഷയത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നിലപാട്.
എന്നാൽ ഇന്ന് (06/09/2024) മുതൽ ഒരു വാർത്താ ചാനൽ “പോലീസ് ഓഫീസർമാരുടെ ബലാത്സംഗപരമ്പര” എന്ന വാർത്ത നൽകുന്നത് കാണാനിടയായി. ഇത്തരം വാർത്തകൾ നൽകുന്നതിന് മുമ്പ് ഒരു പ്രാഥമികാന്വേഷണം നടത്തുന്ന രീതി ഉണ്ടാകേണ്ടതുണ്ട്.
ഒരു പീഢനപരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്ന സ്ത്രീയെ പരാതി അന്വേഷിച്ച IP പീഡിപ്പിച്ചു എന്നും, IP പീഡിപ്പിച്ചു എന്ന പരാതിയുമായി Dysp യുടെ അടുത്ത് ചെന്നപ്പോൾ Dysp പീഡിപ്പിച്ചു എന്നും, DYSP പീഡിപ്പിച്ചു എന്ന പരാതിയുമായി SP യെ കണ്ടപ്പോൾ SP പീഡിപ്പിച്ചു എന്നും പരാതി പറയുമ്പോൾ അത് കേൾക്കുന്ന ആർക്കും അസ്വാഭാവികത ബോധ്യപ്പെടും. എന്നിട്ടും അത് ഒരു മാധ്യമം വാർത്തയാക്കി എന്നത് അത്യന്തം ഖേദകരമാണ്.
നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി നൽകുന്ന ഒരു വ്യാജവാർത്ത മാത്രമാണ് ഇതെങ്കിൽ, ഈ വാർത്ത മൂലം സമൂഹത്തിൽ ഒറ്റപ്പെടുന്ന, ഇതിൽ കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും കുടുംബത്തിനും ഉണ്ടാകുന്ന മനോവ്യഥക്കും, മാനഹാനിക്കും ആര് ഉത്തരവാദിയാകും?
ഇങ്ങനെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നേരിടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ നിയമ നടപടികളുമായി മുന്നോട്ടുപോകാം. അങ്ങനെ മുന്നോട്ടു പോകുന്നവർക്കൊപ്പം കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഉണ്ടാകും എന്ന് കൂടി അറിയിക്കട്ടെ.
CR.ബിജു
ജനറൽ സെക്രട്ടറി
KPOA