top news
വിവരാവകാശ അപേക്ഷകളിൽ അഞ്ച് ദിവസത്തിനകം നടപടികൾ തുടങ്ങണമെന്ന് വിവരാവകാശ കമ്മിഷണർ അബ്ദുൽ ഹക്കീം
കോഴിക്കോട്: എല്ലാ വിവരാവകാശ അപേക്ഷകളിലും അഞ്ചുദിവസത്തിനകം തന്നെ നടപടികൾ ആരംഭിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീം. ഓഫീസിലില്ലാത്ത വിവരങ്ങളാണ് അപേക്ഷയിൽ ഉള്ളതെങ്കിൽ അഞ്ചാം ദിവസം തന്നെ വിവരങ്ങൾ ഉള്ള ഓഫീസിലേക്ക് അപേക്ഷ അയക്കണം.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തിന് മുമ്പില്ലാത്ത വിധത്തിലുള്ള പ്രശസ്തിയും പ്രചാരവും ആണ് രാജ്യത്തും സംസ്ഥാനത്തും കൈവന്നിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ന്യുയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ കേരളത്തിലെ വിവരാവകാശ കമ്മിഷനെ പ്രശംസിച്ച് ലേഖനം എഴുതുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യം നിലനിർത്തുന്നതിന് വിവരാവകാശ ഓഫീസർമാരുടെ ഭാഗത്തുനിന്ന് സജീവമായ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥരുടെ സമയം അനാവശ്യമായി കവരുന്ന രീതിയിൽ വിവരാവകാശ അപേക്ഷകൾ നൽകുന്നത് ശരിയല്ല. ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളുടെ സമയമാണ് ഇതിലൂടെ ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ഒരു ഫയൽ തുടങ്ങുമ്പോൾ വിവരാവകാശ അപേക്ഷയ്ക്കുള്ള സാധ്യതകൾ കൂടി മുന്നിൽകണ്ട് വേണം അവ ആരംഭിക്കാനെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ അപേക്ഷയുടെ ആദ്യ മറുപടിയിൽ തന്നെ രേഖകൾക്ക് അടയ്ക്കേണ്ട തുകയുടെ വിശദാംശങ്ങളും പേജുകളുടെ എണ്ണവും അപേക്ഷകനെ അറിയിക്കണം.
ഫറോക്ക് മുൻസിപ്പാലിറ്റിയിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെഴുത്തി ഒരാൾക്ക് 375,000 രൂപ ലോൺ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് കെ ടി അബ്ദുൽ മനാഫ് നൽകിയ അപേക്ഷയിൽ വിവരങ്ങൾ നൽകാതിരുന്ന നഗരസഭ സെക്രട്ടറി, വിവരാവകാശ ഉദ്യോഗസ്ഥൻ എന്നിവരിൽ നിന്ന് വിശദീകരണം തേടാൻ കമ്മിഷൻ തീരുമാനിച്ചു. രേഖകളുടെ ആവശ്യമായ പരിശോധനകൾ ഇല്ലാതെ ലോൺ അനുവദിച്ചതുമായി ബന്ധപ്പെട്ട പോലീസ്, വിജിലൻസ് കേസുകളുടെ വിശദാംശങ്ങൾ അപേക്ഷകന് നൽകാനും വിവരാവകാശ കമ്മിഷണർ ഉത്തരവിട്ടു. ഇദ്ദേഹം തന്നെ നൽകിയ മറ്റൊരു വിവരാവകാശ അപേക്ഷയിൽ മറുപടി നൽകുന്നത് രണ്ടുമാസവും 12 ദിവസവും വൈകിപ്പിച്ചതിന് വിവരാവകാശ നിയമത്തിലെ 20/1 വകുപ്പ് പ്രകാരം പിഴ ഈടാക്കാനും തീരുമാനമായി.
ജില്ലയിലെ ലൈബ്രറികളുടെ ഗ്രേഡിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി കെ സുമേഷ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൽ 10 ദിവസത്തിനകം ഒന്നാം അപ്പീൽ അധികാരി മറുപടി നൽകണം. കോഴിക്കോട് ലോ കോളജിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലെ ഇൻറർവ്യൂ മാർക്ക് ഷീറ്റ്, മുഴുവൻ അപേക്ഷകരുടെയും വിവരങ്ങൾ, ഇൻറർവ്യൂ ബോർഡിൽ പങ്കെടുത്തവർ തയ്യാറാക്കിയ തരം തിരിച്ചുള്ള മാർക്ക് ലിസ്റ്റുകൾ എന്നിവ ഒരാഴ്ചക്കകം അപേക്ഷകയായ അഡ്വ. പി അനഘക്ക് നൽകണം.
ജില്ലാ ഹോമിയോ ആശുപത്രിയിൽ ഒപി ടിക്കറ്റിന് 5 രൂപ ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകർപ്പ് മൂന്ന് ദിവസത്തിനകം അപേക്ഷകനായ പി മാണി എന്നയാൾക്ക് നൽകണം. തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോലി ചെയ്ത പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ട് വി എം ബഷീർ എന്നയാൾ നൽകിയ വിവരാവകാശ അപേക്ഷയിൽ വിവരങ്ങൾ നൽകാതിരുന്ന കേസിൽ താമരശ്ശേരി ഡിവൈഎസ്പി ഒരാഴ്ചയ്ക്കകം മുഴുവൻ വിവരങ്ങളും നൽകണമെന്ന് വിവരാവകാശ കമ്മിഷണർ നിർദ്ദേശിച്ചു.
ഭൂമിയിൽ നിന്ന് ആളുമാറി കരം പിരിച്ചതുമായി ബന്ധപ്പെട്ട അപേക്ഷയിൽ കമ്മിഷൻ മുമ്പാകെ തെളിവെടുപ്പിന് ഹാജരാകാതിരുന്ന എലത്തൂർ വില്ലേജ് ഓഫീസർക്ക് സമൻസ് അയക്കാനും 23ന് നേരിട്ട് തിരുവനന്തപുരത്തെ ഓഫീസിൽ ഹാജരാവാനും നിർദ്ദേശിച്ചു. കരുണാകരൻ നായർ എന്നയാളുടെ വിവരാവകാശ അപേക്ഷയിലാണ് നടപടി.
ആർ ഡി ഒ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അനിത കെ എം നൽകിയ അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ സബ് കലക്ടർക്ക് നിർദേശം നൽകി. കോഴിക്കോട് ലാൻഡ് ട്രിബ്യൂണൽ ഓഫീസിൽ നിന്ന് 50 വർഷം മുമ്പുള്ള രേഖ ആവശ്യപ്പെട്ട് ബിലേഷ് കുമാർ പി കെ എന്നയാൾ നൽകിയ അപേക്ഷയിൽ ഓഫീസിലെ റെക്കോർഡ് മുറിയിൽ എത്തി റെക്കോർഡ് പരിശോധന നടത്തുന്നതിന് അപേക്ഷകനെ സഹായിക്കാൻ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും കമ്മിഷൻ നിർദ്ദേശിച്ചു. സിറ്റിംഗിൽ 8 അപേക്ഷകളിൽ ആവശ്യമായ വിവരങ്ങൾ ബന്ധപ്പെട്ടവർ ലഭ്യമാക്കി. സിറ്റിംഗിൽ പരിഗണിച്ച 19 കേസുകളിൽ 18 എണ്ണം തീർപ്പാക്കി.