കാമുകിയുടെ ആഢംബര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിരവധി വീടുകളില്‍ മോഷണം നടത്തിയ നിയമവിദ്യാര്‍ത്ഥി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് മോഷണക്കുറ്റത്തിന് നിയമ വിദ്യാര്‍ത്ഥി ജയിലിലായത്. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ സ്വദേശിയായ അബ്ദുള്‍ ഹലീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.
അടുത്തിടെ ലഖ്നൗവിലെ ഗോമതി നഗറില്‍ മോഷണ പരമ്പര നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് നടത്തിയ സമഗ്രമായ അന്വേഷണത്തെത്തുടര്‍ന്നാണ് പോലീസ് അബ്ദുള്‍ ഹലീമിനെ പിടികൂടിയത്. ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് പോലീസ് ഹലീമിനെ കസ്റ്റഡിയിലെടുത്തത്.
കാമുകിയുടെ അമിതമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് നിരവധി മോഷണങ്ങള്‍ നടത്തിയതെന്ന് അറസ്റ്റിലായതിന് ശേഷം അബ്ദുള്‍ ഹലീം സമ്മതിച്ചു. ഒരാഴ്ചയ്ക്കിടെ ഇയാള്‍ പ്രദേശത്തെ മൂന്ന് വീടുകളിലാണ് കവര്‍ച്ച നടത്തിയത്. ഷോപ്പിംഗ്, മാളുകള്‍ സന്ദര്‍ശിക്കല്‍, ഐഫോണ്‍ വാങ്ങല്‍, ക്ലബ്ബുകളില്‍ പോകല്‍, സിനിമ കാണല്‍ തുടങ്ങിയവയിലെല്ലാം തല്‍പ്പരയാണ് കാമുകിയെന്നാണ് അബ്ദുള്‍ ഹലീം പോലീസിനോട് പറഞ്ഞത്. കാമുകിയുടെ ആഢംബര ജീവിതത്തിന് പണം കണ്ടെത്താനായി നിയമവിദ്യാര്‍ത്ഥി കൂടിയായ അബ്ദുള്‍ ഹലീം മോഷണത്തിലേക്ക് തിരിയുകയായിരുന്നു. ഗോമതി നഗറിലെ നിരവധി വീടുകളില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും പണവും നിയമ വിദ്യാര്‍ത്ഥിയുടെ കൈവശം പോലീസ് കണ്ടെത്തി.
ഒരു മോഷണത്തിനിടെ സിസിടിവിയില്‍ പതിഞ്ഞപ്പോഴാണ് ഇയാളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായതെന്നും വീട്ടുടമസ്ഥന് ഇത് കൃത്യമായി അറിയിച്ചത് അന്വേഷണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നും പോലീസ് അറിയിച്ചു.