എറണാകുളം : എൻ്റെ അഭിഷിക്തരെ തൊട്ടാൽ – എന്ന പേരിൽ കത്തോലിക്കാ സഭയിലെ വൈദികർ വിശ്വാസികൾക്കു നേരെ മുഴക്കുന്ന ഭീഷണികൾ ശുദ്ധ തട്ടിപ്പെന്ന് പ്രവാചക ദൗത്യം സ്വീകരിച്ച താമരശേരി രൂപതാ വൈദികൻ ഫാ. അജി പുതിയാപറമ്പിൽ. പ്രവാചകൻ എന്ന പദത്തിലുടെ ദൈവം ബൈബിളിൽ നിർവചിച്ചത് ഇസ്രായേൽ ജനത്തെ -അഥവാ വിശ്വാസികളെയാണെന്നും ചില പുരോഹിതർ തുടരുന്ന തട്ടിപ്പ് വിശ്വാസികൾ തിരിച്ചറിയണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം –
*അഭിഷിക്തരെ തൊട്ടാൽ!!!!!!* ….
ഇടവകയുടെ വാർഷിക ധ്യാനത്തിൽ, മിക്കവാറും ഒരു ക്ലാസ്സ് ഈ വചനത്തെ ആധാരമാക്കിയായിരിക്കും. അഭിഷിക്തരെ തൊട്ടാൽ , വിമർശിച്ചാൽ, തിരുത്തിയാൽ ഇപ്പോഴുള്ളവർക്കും വരാനിരിക്കുന്നവർക്കും ലഭിക്കാൻ പോകുന്ന ശാപ-ദുരിതങ്ങളെപ്പറ്റി തീക്ഷ്ണമായൊരു വിശദീകരണവും ഉണ്ടാകും. ധ്യാന കേന്ദ്രങ്ങളിലാണെങ്കിൽ അധികമായി ഒരു സാക്ഷ്യവും പ്രതീക്ഷിക്കാം. ജീവിതത്തിലെ പ്രതിസന്ധികൾ അഭിഷിക്തരെ വിമർശിച്ചതു കൊണ്ടാണെന്ന് ‘വിശ്വസിപ്പിക്കപ്പെട്ട, ചില ഹതഭാഗ്യർ ഈ അവസരത്തിൽ കത്തിക്കയറും….
“സൂക്ഷിച്ചോ!!! നാളെ നിങ്ങളുടെ ഗതിയും എന്നെപ്പോലെ അധോഗതിയാകും….”
പിന്നെ പറയേണ്ട!!!!
കേൾവിക്കാരായ , നിസഹായരും പാവങ്ങളുമായ മനുഷ്യരുടെ ചിന്തകൾ
കാടുകയറാൻ തുടങ്ങും. താമസിയാതെ അവൻ്റെ ആത്മവിശ്വാസം നഷ്ടപ്പെട്ട് മനസ്സ് ‘ഇഞ്ച’ പ്പരുവമാകും-
“*എന്റെ അഭിഷിക്തരെ തൊട്ടു പോകരുത്”*
ഈ വചനഭാഗത്ത് ‘അഭിഷിക്തർ’ എന്നതുകൊണ്ട് ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് എപ്പോഴെങ്കിലും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അതിന് ചിന്തിക്കാൻ ഇവിടെ ആർക്കാണ് സമയം!!!! കേൾക്കുന്നത് മുഴുവൻ അപ്പാടെ വിഴുങ്ങുക തന്നെ!!!!
1ദിനവൃത്താന്തം 16:22, സങ്കീർത്തനം 105:15 എന്നീ രണ്ടിടങ്ങളിലാണ് മേല്പറഞ്ഞ വചനം ഉള്ളത്.
അതിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:
” എൻ്റെ അഭിഷിക്തരെ തൊട്ടു പോകരുത്, എൻ്റെ പ്രവാചകർക്ക്
ഒരുപദ്രവവും ചെയ്യരുത് എന്ന് അവിടുന്ന് ആജ്ഞാപിച്ചു”
പലപ്പോഴും ധ്യാന പ്രസംഗങ്ങളിൽ ഈ വചനത്തിൻ്റെ പകുതി മാത്രമാണ് പറയാറുള്ളത്.!! അഭിഷിക്തൻ്റെ കാര്യം മാത്രം. പ്രവാചകൻ്റെ ഭാഗം പലപ്പോഴും സൗകര്യപൂർവ്വം വിട്ടുകളയുകയാണ് പതിവ്. സത്യത്തിനും നീതിക്കും വേണ്ടി മുഖം നോക്കാതെ പ്രതികരിക്കുന്നതിനാൽ പ്രവാചകർ എല്ലായ്പോഴും പുരോഹിതൻ്റെയും രാജാവിൻ്റെയും അപ്രിയ പക്ഷത്തായിരിക്കും. ഒരു പക്ഷേ ഇതാവാം കാരണം…..
അതവിടെ നിൽക്കട്ടെ. നമുക്ക് വിഷയത്തിലേയ്ക്ക് വരാം. മേല്പറഞ്ഞ വചനത്തിൽ അഭിഷിക്തർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പുരോഹിതനെയോ രാജാവിനെയോ അല്ല.!! ഇസ്രായേൽ ജനം മുഴുവനെയുമാണ്.!! അത് മനസിലാക്കാൻ വലിയ പ്രാഗല്ഭ്യം ഒന്നും വേണ്ട; തൊട്ടു മുമ്പിലുള്ള വചനഭാഗങ്ങൾ (1 ദിന. 16:13-22, സങ്കീ. 105 : 6 -15) വായിച്ചാൽ ആർക്കും മനസ്സിലാകും.!
*അഭിഷിക്തരെന്നാൽ വൈദികർ മാത്രമാണ് എന്നൊരു തെറ്റിദ്ധാരണ പൊതുവേയുണ്ട്.*
രണ്ടാം വത്തിക്കാൻ കൗൺസിലും
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥവും പറയുന്നത് ശ്രദ്ധിക്കുക…
മാമ്മോദീസ സ്വീകരിച്ച മഴുവൻ അംഗങ്ങളും ദൈവജനം എന്ന നിലയിൽ തുല്യരാണ്. അവരെല്ലാവരും ഒരുപോലെ യേശുവിൻ്റെ പുരോഹിത, പ്രവാചക , രാജകീയ (നയിക്കുക) ദൗത്യങ്ങളിൽ പങ്കാളികളുമാണ്. സംശയമുള്ളവർക്ക് രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ, ജനതകളുടെ പ്രകാശം (Lumen Gentium) എന്ന പ്രമാണ രേഖയിലെ 9, 10,33 നമ്പറുകളും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 781 മുതൽ 786 വരെ നമ്പരുകളും വായിച്ചു നോക്കാവുന്നതാണ്.
മാമ്മോദീസ സ്വീകരിച്ച എല്ലാം സഭാഗംങ്ങളും പുരോഹിതരാണെങ്കിൽ (1 പത്രോസ് 2:9) പിന്നെ
വൈദികരുടെയും മെത്രാൻമാരുടെയും റോൾ എന്താണ് ?
ഉത്തരം വളരെ ലളിതമാണ്.
രാജകീയ പുരോഹിതഗണമായ ദൈവജനത്തിന് ശുശ്രൂഷ ചെയ്യുക….. അതാണ് അവരുടെ ദൗത്യം.
*വൈദികർക്ക് മാത്രമാണോ അഭിഷേകം ലഭിക്കുന്നത്???*
അങ്ങനെയൊരു തെറ്റിദ്ധാരണയും ഇന്ന് വിശ്വാസി മനസ്സുകളിൽ എങ്ങനെയോ രൂപപ്പെട്ടിട്ടുണ്ട്.
പൗരോഹിത്യ സ്വീകരണത്തിൽ മാത്രമല്ല; മാമ്മോദീസ മുതൽ രോഗീലേപനം വരെയുള്ള എല്ലാ കൂദാശകളിലും നടക്കുന്നത് പ്രസാദവരത്തിൻ്റെ അഭിഷേകം തന്നെയാണ്.!!
ചുരുക്കിപ്പറഞ്ഞാൽ അഭിഷിക്തൻ എന്നാൽ പഴയനിയമ കാഴ്ചപ്പാടിൽ ഇസ്രായേൽ ജനവും, സഭാപഠനമനുസരിച്ച് മാമ്മോദീസ സ്വീകരിച്ച മുഴുവൻ ദൈവജനവുമാണ്. !
‘അഭിഷിക്തർ ‘ എന്നു കേൾക്കുമ്പോൾ ഇനിയെങ്കിലും സ്വയം മനസ്സിൽ കരുതുക, *താനുൾപ്പടെയുള്ള ദൈവജനം മുഴുവനുമാണ് അഭിഷിക്തർ. ദൈവത്തിന് പക്ഷഭേദമില്ല* .
ഫാ. അജി പുതിയാപറമ്പിൽ
01/01/2025