കോഴിക്കോട് : നഗരവാസികൾക്ക് സൗജന്യ ചികിത്സ ഉറപ്പു നൽകി ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ സജ്ജം. സിവിൽസ്റ്റേഷൻ വാർഡിൽ , സിവിൽസ്റ്റേഷൻ വളപ്പിനോട് ചേർന്ന് കോട്ടൂളി റോഡിൽ പ്രവർത്തിച്ചിരുന്ന നഗരസഭയുടെ ഹെൽത്ത് സർക്കിൾ ഓഫീസിലാണ് വെൽനസ് സെൻ്റർ തുറക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് സജ്ജമാക്കിയ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ ഫെബ്രുവരി ഒന്നിന് രാവിലെ 11 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദ് മുഖ്യാതിഥി ആയിരിക്കും. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ സ്വാഗതം ആശംസിക്കും. നഗരസഭ സെക്രട്ടറി കെ.യു ബിനി റിപ്പോർട്ട് അവതരിപ്പിക്കും. വെൽനസ് സെൻ്റർ യഥാർത്ഥ്യമാക്കാൻ അക്ഷീണം പ്രയത്നിച്ച വാർഡ് കൗൺസിലർ എം.എൻ. പ്രവീൺ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. ഉച്ച ഒരു മണി മുതൽ വൈകിട്ട് ഏഴുവരെയായിരിക്കും ആശുപത്രിയുടെ പ്രവർത്തന സമയം. ഡോക്ടറുടെ സേവനത്തിനു പുറമെ മരുന്നുകളും സൗജന്യമായിരിക്കും.