കൊല്ലം : സമഗ്ര ശിക്ഷ കേരള യിലെ ജീവനക്കാരുടെ വേതനം അഞ്ച് ശതമാനം വർധിപ്പിച്ചിരിക്കെ , പദ്ധതിയിലെ സ്പെഷൽ എജുക്കേറ്റേഴ്സിനെയും സ്പെഷലിസ്റ്റ് അധ്യാപകരെയും വർധനയിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിക്ക് ന്യായീകരണമില്ലെന്ന് സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ – കേരള (സെഫ് കേരള) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ ഒമ്പത് വർഷമായി വേതന വർധന ലഭിക്കാത്ത സംസ്ഥാനത്തെ ഏക തൊഴിൽ വിഭാഗമാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട സ്പെഷൽ എജുക്കേറ്റേഴ്സ് . 28815 രൂപ പ്രതിമാസ വേതനമുണ്ടായിരുന്ന സെക്കൻ്ററി വിഭാഗം സ്പെഷൽ എജുക്കേറ്റേഴ്സിൻ്റെ വേതനം 25000 രൂപയായി 2018 ൽ സർക്കാർ വെട്ടി കുറച്ചിരുന്നു. പൊതുവിദ്യാലയങ്ങളിൽ സ്പെഷൽ എജുക്കേറ്റേഴ്സ് തസ്തിക സൃഷ്ടിക്കണമെന്നും നിലവിലെ കരാർ അധ്യാപകരെ സ്കൂളുകളിൽ സ്ഥിരപ്പെടുത്തണമെന്നും സുപ്രീം കോടതി 2025 മാർച്ച് ഏഴിന് ഉത്തരവിട്ടിരുന്നു. മാർച്ച് 28 നകം നിലവിലെ സ്ഥിരം തസ്തിക സംബന്ധിച്ച് രണ്ട് മുഖ്യധാര പത്രങ്ങളിൽ പരസ്യം ചെയ്യണമെന്നും സുപ്രീം കോടതി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു. 12 ആഴ്ചകൾക്കകം സ്പെഷൽ എജുക്കേറ്റേർന്മാരുടെ സ്ഥിര നിയമന നടപടി പൂർത്തികരിക്കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാൽ , കോടതി വിധി വന്ന് ഒന്നര മാസം കഴിഞ്ഞിട്ടും തസ്തിക സംബ്ന്ധിച്ച് പത്ര പരസ്യം പ്രസിദ്ധീകരിക്കാൻ കേരള സർക്കാർ തയാറായിട്ടില്ല . ബീഹാർ ഉൾപ്പെടെ വിദ്യാഭ്യാസ രംഗത്ത് പിന്നാക്കാവസ്ഥയിലുള്ള സംസ്ഥാനങ്ങളിൽ ഉൾപ്പെടെ സുപ്രീം കോടതി വിധി നടപ്പാക്കാൻ നടപടി തുടങ്ങി കഴിഞ്ഞു.
‘ ഭിന്നശേഷി സൗഹൃദ കേരള ‘ മെന്ന് കൊട്ടിഘോഷിക്കുന്ന സർക്കാർ നിലപാട് അപഹാസ്യമാണ്. തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ , സംസ്ഥാനത്തെ 2724 സ്പെഷൽ എജുക്കേറ്റർമ്മാരും കുടുംബാംഗങ്ങളും ചെറുതല്ലാത്ത വോട്ട് ബാങ്കാണെന്നത് സർക്കാർ മറക്കരുതെന്ന് സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ – കേരള സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി.