
കോഴിക്കോട് (ബേപ്പൂർ) : ബേപ്പൂർ ചാലിയം ജങ്കാർ സർവ്വീസ് നടത്തുന്ന ബേപ്പൂർ ജെട്ടിയിലെ റാമ്പിന്റെ മുൻഭാഗവും ഇരുവശങ്ങളും തകർന്ന് ഇരുമ്പുകമ്പികൾ കോൺക്രീറ്റിൽ നിന്നും പുറത്തായിട്ടും തകരാർ പരിഹരിക്കാൻ നടപടിയെടുത്തില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് കടലുണ്ടി പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസയച്ചു.
കഴിഞ്ഞ ദിവസം യാത്രക്കാർ ജങ്കാറിലേക്ക് കയറുന്നതിനിടയിൽ അവരുടെ കാലുകൾ റാമ്പിനുള്ളിൽ കുടുങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്നടപടിയെടുത്തത്. ബൈക്ക് ജങ്കാറിലേക്ക് കയറ്റുന്നതിനിടയിൽ മണ്ണൂർ സ്വദേശിക്ക് പരിക്കേറ്റിരുന്നു. ഒരാഴ്ചക്ക് മുമ്പ് കൈക്കുഞ്ഞുമായി എത്തിയ യാത്രക്കാരിയും വയോധികയും റാമ്പിലേക്ക് തെന്നി വീണു. ബേപ്പൂർ ജെട്ടിക്കടുത്തുള്ള ജങ്കാർ കാത്തിരിപ്പുകേന്ദ്രവും തകർന്ന നിലയിലാണ്. കടലുണ്ടി പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ജങ്കാർ സർവ്വീസ് നടത്തുന്നത്. ജങ്കാർ സർവ്വീസിലെ പാകപിഴകൾ കടലുണ്ടി പഞ്ചായത്ത് കണ്ടില്ലെന്ന് നടിക്കുന്നതായും പരാതിയുണ്ട്.
പഞ്ചായത്ത് സെക്രട്ടറി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മേയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.