
കോഴിക്കോട് : കോഴിക്കോട് കളക്ടറേറ്റിൽ സർക്കാർ ഉത്തരവ് മറികടന്ന് അഞ്ച് ക്ലർക്ക് കം ടൈപ്പിസ്റ്റുമാരെ ഉയർന്ന തസ്തികയിൽ പ്രമോട്ട് ചെയ്തതിന് പിന്നിൽ ലക്ഷങ്ങളുടെ ഇടപാട് നടന്നതായി ആരോപണം. പ്രതിപക്ഷ അനുകൂല സംഘടനകളാണ് ആരോപണവുമായി രംഗത്തിറങ്ങിയത്. കളക്ടറേറ്റ് റവന്യു വിഭാഗത്തിൽ ക്ലർക്കുമാരുടെ അഞ്ച് ഒഴിവുകൾ കോഴിക്കോട്ടെ പി എസ് സി ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്ത് കൊണ്ടുള്ള ഫയൽ ജില്ലാ കളക്ടറുടെ മുന്നിലെത്തിച്ച A 4 വിഭാഗം ഉദ്യോഗസ്ഥന് പുറമെ ഭരണപക്ഷ യൂനിയൻ നേതൃത്വത്തിലെ ചിലർക്കും പങ്കുണ്ടെന്നാണ് ആരോപണം. ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ പ്രവേശിക്കുന്നവരെ അവർ ആറുമാസത്തിനകം ആവശ്യപ്പെടുന്ന ക്ലർക്ക് / ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അഞ്ച് വർഷത്തിന് ശേഷമേ പ്രമോഷൻ നൽകാവൂ എന്ന് വ്യക്തമായി പറയുന്ന 7/2024 നമ്പർ ഉത്തരവ് അഡീഷൻ ചീഫ് സെക്രട്ടറി 2024 സെപ്റ്റംബർ 25 ന് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിൻ്റെ കോപ്പി എല്ലാ ജില്ലാ കളക്ടറേറ്റുകളിലും, ബന്ധപ്പെട്ട ഓഫീസുകളിലും നിലവിലിരിക്കെയാണ് അഞ്ച് പേർക്ക് അനർഹ നിയമനം നൽകിയതും ആ പോസ്റ്റിലേക്ക് നിയമിക്കപ്പെട്ട അഞ്ച് വനിതകൾ കണ്ണീരോടെ പുറത്തുപോകുന്നതും. ക്ലർക്ക് തസ്തികയിൽ സ്ഥാനക്കയറ്റം ലഭിച്ച എസ് ദേവസർഗ, എം. വൈഷ്ണ, വി.പി ശ്രീജിന, പി.ആർ. ധന്യ ( നാല് പേരും കോഴിക്കോട് കളക്ടറേറ്റ്), എൻ. സമീന ( മുക്കം കക്കാട് വില്ലേജ് ഓഫീസ്) എന്നിവരെ ആ പഴയ ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അടിയന്തിരമായി തരംതാഴ്ത്താനാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്. ട്രിബ്യൂണലിൽ പരാതി നൽകിയ അഞ്ച് പേരെ ഇവർ ജോലി ചെയ്തു വന്ന ക്ലർക്ക് തസ്തികയിൽ നിയമിക്കാനും ഉത്തരവ് വ്യക്തമാക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറക്കിയ ഉത്തരവിൻ്റെ വിശദാംശം താഴെ – ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികയിലെ നിയമനം, പ്രൊമോഷൻ, കാറ്റഗറി മാറ്റം എന്നിവ സംബന്ധിച്ച് പരാമർശം (1), (2) പ്രകാരം സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.
2) പരാമർശം (1) ഉത്തരവ് പ്രകാരം ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികയിൽ പ്രവേശിക്കുന്നവർ സ്ഥാനക്കയറ്റം ലഭിക്കുന്നതിലേക്ക് ഓപ്ഷൻ നൽകുന്നത്തിലേക്കുള്ള സമയപരിധി സംബന്ധിച്ചും, പരാമർശം (2) ഉത്തരവ് പ്രകാരം അഞ്ചു വർഷങ്ങൾക്കുള്ളിൽ സ്ഥാനക്കയറ്റം ലഭിക്കാത്തവർക്ക് കാറ്റഗറി മാറ്റം അനുവദിക്കുന്നത് സംബന്ധിച്ചും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രസ്തുത ഉത്തരവുകൾക്ക് വിവിധ വകുപ്പുകളിൽ പല വിധത്തിലുള്ള വ്യാഖ്യാനങ്ങൾ ഉണ്ടാവുന്നതും നിരവധി സംശയങ്ങൾ ഉയർന്നുവരുന്നതും മൂലം ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികകളിൽ യഥാസമയം സ്ഥാനക്കയറ്റം/കാറ്റഗറി മാറ്റം അനുവദിക്കാൻ കഴിയാതെ വരുന്നതായും എൻട്രി കേഡർ തസ്തികയിൽ ഒഴിവുകൾ ഉണ്ടാകാതിരിക്കുന്ന സാഹചര്യം സംജാതമാകുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
3) മേൽ സാഹചര്യത്തിൽ ക്ലാർക്ക് -ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് – ക്ലാർക്ക് തസ്തികയുടെ നിയമനം, പ്രൊമോഷൻ. കാറ്റഗറി മാറ്റം എന്നിവ സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകളിൽ ചുവടെ ചേർത്തിട്ടുള്ള പ്രകാരം സൃഷ്ടീകരണം നൽകുന്നു.
1. ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ്- ക്ലാർക്ക് തസ്തികയിൽ നിയമനം ലഭിക്കുന്ന ജീവനക്കാർ ക്ലാർക്ക് അല്ലെങ്കിൽ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് പരിഗണിക്കുന്നതിലേക്കായി സർവീസിൽ പ്രവേശിച്ച് ആറ് മാസത്തിനകം ഓപ്ഷൻ നൽകേണ്ടതാണ്. II. ക്ലാർക്ക്-ടൈപ്പിസ്റ്റ് ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികയിൽ പ്രവേശിച്ച് ആറുമാസത്തിനുള്ളിൽ 6000 തവണ ഓപ്ഷൻ മാറ്റുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ആറുമാസത്തിനു ശേഷം ഒരു കാരണവശാലും ഓപ്ഷൻ മാറ്റുന്നതിന് അവസരം ഉണ്ടായിരിക്കുന്നതല്ല.
iii. ആറുമാസത്തിനുള്ളിൽ ഓപ്ഷൻ നൽകാത്ത ജീവനക്കാരെ ടൈപ്പിസ്റ്റ് തസ്തികയിലെ സീനിയോറിറ്റി പട്ടികയിലായിരിക്കും ഉൾപ്പെടുത്തുന്നത്.
iv. ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികയിൽ നിയമനം ലഭിച്ച ജീവനക്കാരുടെ സീനിയോറിറ്റി, ക്ലാർക്ക് അല്ലെങ്കിൽ ടൈപ്പിസ്റ്റ് തസ്തികകളിൽ ഏത് സീനിയോറിറ്റി പട്ടികയിലാണ് ഉൾപ്പെടുത്തേണ്ടത് എന്ന് നിശ്ചയിക്കുന്നതിനുവേണ്ടി മാത്രമാണ് ഓപ്ഷൻ സ്വീകരിക്കുന്നത്. അതിനാൽ ഓപ്ഷൻ നൽകിക്കഴിഞ്ഞാലും ടി ജീവനക്കാർ ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ്- ക്ലാർക്ക് തസ്തികയിൽ തന്നെ തുടരേണ്ടതാണ്.
V. ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികയിൽ നിയമനം ലഭിക്കുന്ന ജീവനക്കാർ ടി സർവീസിൽ പ്രവേശിച്ച് അഞ്ചു വർഷം പൂർത്തിയായതിനു ശേഷവും പ്രമോഷൻ ലഭിക്കാത്ത പക്ഷം ക്ലാർക്ക് അല്ലെങ്കിൽ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കാറ്റഗറി മാറ്റത്തിന് അപേക്ഷിക്കാവുന്നതാണ്. നേരത്തെ ക്ലാർക്ക് തസ്തികയിലേക്ക് ഓപ്ഷൻ സമർപ്പിച്ചിരുന്ന ജീവനക്കാർക്ക് ക്ലാർക്ക് തസ്തികയിലേക്കും ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ഓപ്ഷൻ സമർപ്പിച്ചിരുന്ന ജീവനക്കാർക്ക് ടൈപ്പിസ്റ്റ് തസ്തികയിലേക്കും മാത്രമേ ഇപ്രകാരം കാറ്റഗറി മാറ്റത്തിന് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ. ടി അപേക്ഷയുടെ അടിസ്ഥാനത്തിൽ അതാത് നിയമന യൂണിറ്റുകളിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് മാത്രമേ ഇപ്രകാരം കാറ്റഗറി മാറ്റം അനുവദിക്കുകയുളളൂ. ഇത്തരത്തിൽ കാറ്റഗറി മാറ്റമുണ്ടാകുമ്പോൾ ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികയിലെ സീനിയോറിറ്റി സംരക്ഷിച്ചു നൽകുന്നതാണ്.
vi. ക്ലാർക്ക്-ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികയിലുള്ളവർ ഓപ്ഷൻ നൽകി എന്നതിന്റെ അടിസ്ഥാനത്തിലോ, അഞ്ച് വർഷം പൂർത്തിയാക്കി എന്നതിന്റെ അടിസ്ഥാനത്തിലോ ടിയാളുകളെ ക്ലാർക്ക് അല്ലെങ്കിൽ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് മാറ്റി നിയമിക്കേണ്ടതില്ല. അഞ്ചുവർഷം പൂർത്തിയാക്കിയശേഷം കാറ്റഗറി മാറ്റത്തിന് ടി ജീവനക്കാർ അപേക്ഷ സമർപ്പിക്കുന്നുവെങ്കിൽ മാത്രമേ പ്രവേശന തസ്തികയായ ക്ലാർക്ക് അല്ലെങ്കിൽ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കാറ്റഗറി മാറ്റം അനുവദിക്കേണ്ടതുള്ളു. കാറ്റഗറി മാറ്റത്തിന് അപേക്ഷ സമർപ്പിക്കാത്ത ജീവനക്കാർ സീനിയർ ക്ലാർക്ക്/ അപ്പർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് പ്രമോഷൻ/ നിയമനം ലഭിക്കുന്നതു വരെ ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ്- ക്ലാർക്ക് തസ്തികയിൽ തുടരേണ്ടതാണ്.
vii. ക്ലാർക്ക്-ടൈപ്പിസ്റ്റ് ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികയിൽ അഞ്ചു വർഷം പൂർത്തിയാകുന്നതിന് മുൻപ് ക്ലാർക്ക് അല്ലെങ്കിൽ ടൈപ്പിസ്റ്റ് തസ്തികകളിലെ സീനിയോറിറ്റിയെ അടിസ്ഥാനമാക്കി സീനിയർ ക്ലാർക്ക് അല്ലെങ്കിൽ അപ്പർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള ഊഴം എത്തുന്നുവെങ്കിൽ ആയതിന്റെ അടിസ്ഥാനത്തിൽ സീനിയർ ക്ലാർക്ക് അല്ലെങ്കിൽ അപ്പർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികകളിൽ സ്ഥാനക്കയറ്റംം നൽകുന്നതിന് മേൽ വ്യവസ്ഥകൾ തടസ്സമല്ല. -3-
viii. ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ്- ക്ലാർക്ക് തസ്തികയിൽ തുടരുമ്പോൾ തന്നെ ക്ലാർക്ക് തസ്തിക ഓപ്റ്റ് ചെയ്തിട്ടുളള ജീവനക്കാരെ പ്രൊബേഷൻ്യും പ്രൊമോഷന്റെയും ആവശ്യത്തിന് ക്ലാർക്ക് തസ്തികയിലുള്ളവരായിട്ടായിരിക്കും പരിഗണിക്കുന്നത്. ജീവനക്കാർ ക്ലാർക്ക് തസ്തികയിൽ പ്രൊബേഷൻ പൂർത്തിയാക്കുന്നതിലേക്കായി ടി തസ്തികയിൽ പ്രൊബേഷന് നിഷ്കർഷിച്ചിട്ടുളള വകുപ്പുതല പരീക്ഷായോഗ്യതയും സീനിയർ ക്ലാർക്ക് തസ്തികയിലേക്കുളള സ്ഥാനക്കയറ്റത്തിന് ആയതിന് നിഷ്കർഷിച്ചിട്ടുള്ള വകുപ്പുതല പരീക്ഷായോഗ്യതയും നേടേണ്ടതാണ്.
ix. ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ്- ക്ലാർക്ക് തസ്തികകൾക്ക് പ്രത്യേകമായി സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കേണ്ടതില്ല.
x. ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ്- ക്ലാർക്ക് തസ്തികകൾ വ്യത്യസ്തമായ കാറ്റഗറി തസ്തികകളാണ്. ആയവ ഇന്റർ- ചെയ്‌ഞ്ചബിൾ (പരസ്പരം മാറ്റാവുന്നത്) അല്ല. അതിനാൽ ടി തസ്തികളിലുളളവരെ പരസ്പരം മാറ്റി നിയമിക്കുവാൻ പാടുളളതല്ല.
xi. ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് – ക്ലാർക്ക് എന്നീ തസ്തികകളുടെ കേഡർ സ്കെങ്ത് പ്രത്യേകം പ്രത്യേകമായി നിലനിർത്തേണ്ടതാണ്, ക്ലാർക്ക് തസ്തികയുടെയോ ടൈപ്പിസ്റ്റ് തസ്തികയുടെയോ കേഡർ സ്കെങ്‌ത് കണക്കാക്കുമ്പോൾ ക്ലാർക്ക്-ടൈപ്പിസ്റ്റ് /ടൈപ്പിസ്റ്റ് ക്ലാർക്ക് തസ്തികകളുടെ എണ്ണം ഒരു കാരണവശാലും അതിൽ ഉൾപ്പെടുത്തുവാൻ പാടില്ല.
4. എല്ലാ നിയമനാധികാരികളും, വകുപ്പ് മേധാവികളും, മേൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ കർശന നടപടികൾ സ്വീകരിക്കേണ്ടതാണ്.
:
(ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം)
പുനീത്കുമാർ ഐ എ എസ്, അഡീഷനൽ ചീഫ് സെക്രട്ടറി .




