
കൊല്ലം: മടത്തറയില്‍ 26കാരന് മരിച്ചത് ബൈക്കില്‍ പന്നിയിടിച്ചല്ലെന്ന് പൊലീസ്. തിരുമല രാമമംഗലം സ്വദേശി ആദര്‍ശ് മരിച്ചത് കാര്‍ ഇടിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ അബ്ദുള്‍ ഖാദറിനെ പൊലീസ് പിടികൂടി. ഇയാള്‍ ഓടിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അബ്ദുള്‍ ഖാദര്‍ ഓടിച്ചിരുന്ന കാര്‍ കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണം വിട്ട് ആദര്‍ശിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ മടത്തറ വേങ്കൊല്ല ഫോറസ്റ്റ് ഓഫീസിന് മുന്നിലായി വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കൊടൈക്കനാലിലേക്ക് പുലര്‍ച്ചെ നാലിന് ബൈക്കുകളിലായി അഞ്ച് പേരാണ് യാത്രതിരിച്ചത്. മുമ്പില്‍ പോയ ആദര്‍ശ് അപകടത്തില്‍പ്പെടുകയായിരുന്നു. കൂടെയുള്ളവര്‍ എത്തിയപ്പോള്‍ ആദര്‍ശ് റോഡരികില്‍ പരിക്കേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
അപകട സ്ഥലത്ത് പന്നിയെ ചത്ത നിലയില്‍ കണ്ടതോടെ പന്നിയിടിച്ച് വാഹനം അപകടത്തില്‍പ്പെട്ടെന്നായിരുന്നു കരുതിയത്. എന്നാല്‍ ആദര്‍ശിന്റെ ബൈക്കില്‍ മറ്റൊരു വാഹനത്തിന്റെ പെയ്ന്റ് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സിസിടിവി വിശദമായി പരിശോധിച്ചപ്പോഴാണ് മാടത്തറ ഭാഗത്തേക്ക് തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനം പോയതായി കണ്ടെത്തിയത്. അപകട സ്ഥലത്ത് കാര്‍ അല്‍പ്പസമയം നിര്‍ത്തി പിന്നീട് വേഗത്തില്‍ മുന്നോട്ടു പോയെന്ന സമീപവാസിയുടെ മൊഴിയും നിര്‍ണായകമായി. അപകടത്തിന് ശേഷം അരക്കിലോമീറ്ററോളം മുന്നോട്ടുപോയപ്പോള്‍ അബ്ദുള്‍ ഖാദര്‍ ആദര്‍ശിന്റെ സുഹൃത്തുക്കളെ കണ്ടെങ്കിലും അപകടവിവരം പറഞ്ഞില്ല. തലയ്ക്ക് ഗുരുതമായി പരിക്കേറ്റ ആദര്‍ശ് ഈ നേരം ചോരവാര്‍ന്ന് കിടക്കുകയായിരുന്നു.
പന്നിക്കേറ്റ പരിക്കുകള്‍ ബൈക്ക് ഇടിച്ച് ഉണ്ടാകുന്നതിനേക്കാള്‍ ആഘാതത്തിലുള്ളതായിരുന്നു. കൂടാതെ കാറിന്റേതെന്ന് സംശയിക്കുന്ന ചില ഭാഗങ്ങളും റോഡരികില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. തിരുവനന്തപുരത്തെ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് വാഹനം പൊലീസ് കണ്ടെത്തിയത്. അജയകുമാര്‍-ശ്രീകല ദമ്പതികളുടെ ഏകമകനാണ് മരിച്ച ആദര്‍ശ്.




