
കോഴിക്കോട് : എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചൊല്ലി എല്‍ ഡി എഫ് മുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. വെള്ളാപ്പള്ളി നടേശന് എല്‍ ഡി എഫിന്റെ മുഖമാകാന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി കാറില്‍ കയറ്റിയത് പോലെ താന്‍ കാറില്‍ കയറ്റില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. എന്നാല്‍, ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും, വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് ശരിയായ നടപടിയാണെന്നുമായിരുന്നു മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും വര്‍ഗീയ പരാമര്‍ശം നടത്തുന്നവരുമായി സര്‍ക്കാര്‍ കൈകോര്ക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ എല്‍ ഡി എഫ് മുന്നണിയിലെ നാഷണല്‍ ലീഗും വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായി രംഗത്ത് വന്നു.
എസ്എന്‍ഡിപിയുടെ തലപ്പത്തിരുന്ന് വര്‍ഗീയ വിദ്വേഷ വംശീയ പ്രസ്താവനകള്‍ തുടരുന്ന വെള്ളാപ്പള്ളി നടേശന് നാരായണഗുരുവിന്റെ മൂല്യങ്ങളെ അവഹേളിക്കുകയാണെന്നും,
മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച വെള്ളാപ്പള്ളി നടേശന് പൊതുശല്യമായി മാറിയിരിക്കുകയാണെന്നും നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ് വാര്‍ത്താ കുറിപ്പില്‍ പ്രതികരിച്ചു.
വംശീയ വിദ്വേഷ പ്രചാരകനായി വെള്ളാപ്പള്ളി മാറി, മനസ്സില്‍ കുമിഞ്ഞു കൂടിയ വെറുപ്പാണ് തീവ്രവാദി എന്ന് വിളിക്കാന്‍ കാരണമാകുന്നത്. ഉന്നത സ്ഥാനീയനായ വെള്ളാപ്പള്ളി സഭ്യവും പക്വവുമായി പെരുമാറണം, സാമൂഹിക സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പിന്‍വലിക്കുകയും ആവര്‍ത്തിക്കാതിരിക്കുകയും വേണം.
വെള്ളാപ്പള്ളിയെ ഇടതുപക്ഷത്തിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ ദുഷ്ടലാക്കാണ്. വര്‍ഗീയ വംശീയ പ്രസ്താവനകള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിക്കണം. വെള്ളാപ്പള്ളിയുടെ വാക്കുകളുടെ ചുവടുപിടിച്ച് അരങ്ങേറുന്ന വര്‍ഗീയ പ്രചാരണങ്ങളെ കരുതിയിരിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ചോദ്യം ഉന്നയിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ മാധ്യമപ്രവര്ത്തകന് റഹീസ് റഷീദിനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച വെള്ളാപ്പള്ളി നടേശനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് രംഗത്ത് വന്നിരുന്നു. വിദ്വേഷ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിക്കെതിരെ സര്‍ക്കാര്‍ നിയമനടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാവുകയാണ്. എന്നാല്‍, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വെള്ളാപ്പള്ളി വര്‍ഗീയവാദിയല്ലെന്ന് പ്രസ്താവിച്ചതും വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയ തന്റെ നടപടി മുഖ്യമന്ത്രി ശരിവെച്ചതും എല്‍ ഡി എഫിലും മുന്നണിയെ പിന്തുണക്കുന്ന സമുദായ സംഘടനകളിലും കടുത്ത അതൃപ്തിക്ക് ഇടയാക്കുന്നു.




