തിരുവനന്തപുരം: മോറട്ടോറിയം കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ ബാങ്ക് വായ്പകള്‍ക്കുള്ള മോറട്ടോറിയം കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും കത്തയയ്ക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.
മോറട്ടോറിയം നീട്ടണമെന്നും പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ മറ്റന്നാള്‍ സുപ്രീം കോടതി പരിഗണിക്കും. രണ്ട് ഘട്ടങ്ങളിലായി ആറ് മാസത്തേക്ക് പ്രഖ്യാപിച്ച വായ്പകള്‍ക്കുള്ള മോറട്ടോറിയം നീട്ടണമെന്ന് ആര്‍ബിഐയോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. സെപ്തംബര്‍ ഒന്ന് മുതല്‍ വായ്പകളുടെ തിരിച്ചടവ് തുടങ്ങേണ്ടതായി വരും.
മോറട്ടോറിയം കാലയളവിലെ പലിശ രണ്ട് ലക്ഷം കോടി രൂപയോളം വരുമെന്ന് റിസര്‍വ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. മോറട്ടോറിയം തെരഞ്ഞെടുത്തവര്‍ക്ക് അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും അടയ്ക്കേണ്ടി വരും. പുതിയ പ്രതിമാസ അടവ് തുകയും തുടര്‍നടപടിക്രമങ്ങളും സംബന്ധിച്ച് ബാങ്കില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സന്ദേശം വരും.