കോഴിക്കോട്: ബാലസംസ്ക്കാരകേന്ദ്രം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്
നല്‍കിവരുന്ന ജന്മാഷ്ടമി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എം.ടി. വാസുദേവന്‍നായരുടെ കോഴിക്കോട്ടെ വസതയില്‍ വെച്ചായിരുന്നു പുരസ്‌കാര സമര്‍പ്പണം. ജന്മാഷ്ടമി പുരസ്‌കാരം കൈതപ്രത്തിന് സമ്മാനിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എം.ടി. പറഞ്ഞു. അദ്ദേഹത്തിന്റെ ഗാനങ്ങളും കവിതകളും സാഹിത്യകൃതികളും വളരെ ഗൗരവത്തോടെ കാഴ്ചപ്പാടോടെ ഉള്‍ക്കൊള്ളുന്ന ആളാണ് താന്‍. സിനിമയില്‍ നിന്ന് ആരംഭിക്കുന്ന ചങ്ങലയുടെ ഇങ്ങേയറ്റത്ത് കൈതപ്രത്തെ കാണാനായതില്‍ സന്തോഷമുണ്ട്.
സുഗതകുമാരിയിൽ തുടങ്ങി കൈതപ്രം ദാമോദരൻ നമ്പൂതിരി വരെ എത്തിനിൽക്കുന്ന ജന്മാഷ്ടമി പുരസ്കാരം സമൂഹത്തിനു നവോന്മേഷം പകരുന്നതാണ്. യൂസഫലി കേച്ചേരി, അക്കിത്തം, വി. മധുസൂധനൻ നായർ തുടങ്ങിയവർക്കു ശേഷം രചനയിൽ വ്യത്യസ്തത പുലർത്തുന്ന കവിയാണ് കൈതപ്രമെന്നും എം.ടി.
വാസുദേവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
എം.ടിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാനായത് ജീവിതസുകൃതമായാണ് കാണുന്നതെന്നും ബാലഗോകുലത്തില്‍ നിന്ന് കിട്ടിയ പുരസ്‌കാരത്തിന് ഏറെ നിറവുണ്ടെന്നും കൈതപ്രം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ബാലസംസ്‌കാര കേന്ദ്രം
ചെയര്‍മാന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷനായി. ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന്‍ ആശീര്‍വാദ പ്രസംഗവും ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണവും ഓൺലൈനായി
നടത്തി. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. ബാബുരാജന്‍, സംസ്ഥാനസമിതി അംഗം എന്‍. ഹരീന്ദ്രന്‍, മോഹന്‍ദാസ്, പി. പ്രശോഭ് തുടങ്ങിയവര്‍ സംസാരിച്ചു.