top news
ഹിന്ദു സംഘടനകളുടെ ഭീഷണി ; 20 വര്‍ഷമായി നടത്തിവന്ന ഹോട്ടലിന്റെ പേര് മാറ്റി ഉടമ

ആഗ്ര: ഹിന്ദു സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് 20 വര്‍ഷമായി നടത്തിവന്ന ഹോട്ടലിന്റെ പേര് മാറ്റി ഉടമ. ഉത്തര്‍പ്രദേശിലാണ് സംഭവം. ഡല്‍ഹി-ഡെറാഡൂണ്‍ റോട്ടില്‍ രാംപുരിയില്‍ ഹോട്ടല്‍ നടത്തുന്ന മൊഹദ് സലീമാണ് ഹോട്ടലിന്റെ പേര് മാറ്റിയത്. ‘സംഗം ശുദ്ധ് ശാകാഹാരി ഭോജനാലയ്’ എന്നായിരുന്നു ഹോട്ടലിന് സലീം നല്‍കിയ പേര്. ഇത് ‘സലീം ദബാ’ എന്ന് മാറ്റുകയായിരുന്നു. പേര് മാറ്റാനായി പ്രാദേശിക ആശ്രമത്തിലെ സന്യാസി അടക്കം ഭീഷണി ഉയര്‍ത്തിയെന്ന് സലീം ആരോപിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടലിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഭീഷണികള്‍ ഉയര്‍ന്നത്. പേര് മാറ്റിയില്ലെങ്കില്‍ താനും അനുയായികളും ചേര്‍ന്ന് പ്രതിഷേധം അഴിച്ചുവിടുമെന്ന് വീഡിയോയിലൂടെ പ്രാദേശിക ആശ്രമത്തിലെ സന്യാസി ഭീഷണി ഉയര്‍ത്തി. ഇത് അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ശനിയാഴ്ച രാത്രി പത്ത് മണിക്കുള്ളില്‍ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടുവെന്നും സലീം പറയുന്നു. പേര് മാറ്റുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല. തനിക്ക് സമാധാനത്തോടെ ഇവിടെ ജീവിക്കണം. വിഷയം വര്‍ഗീയ പ്രശ്നങ്ങള്‍ക്ക് കാരണമാകരുത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹിന്ദു, മുസ്ലീം വിഭാഗങ്ങള്‍ ഇവിടെ സമാധാനത്തോടെയാണ് ജീവിച്ചിക്കുന്നതെന്നും സലീം പറഞ്ഞു.