കോഴിക്കോട്: മൂന്ന് വര്‍ഷം മുമ്പ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ കായികാധ്യാപകര്‍ സ്വന്തം വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ ഉയര്‍ത്തി പ്രതീകാത്മക സമരം നടത്തി.
ഡിപ്പാര്‍ട്ട്‌മെന്റല്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് സമരം.
യു പി, എച്ച് എസ് കായികാധ്യാപക തസ്തിക നിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം നല്‍കുക, എച്ച് എസ് എസ് തസ്തിക അനുവദിച്ചു നിയമനവും പ്രമോഷനും നടപ്പിലാക്കുക, ജനറല്‍ അധ്യാപകരായി പരിഗണിക്കുക, എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു കായികാധ്യാപകര്‍ പോസ്റ്റര്‍ സമരം നടത്തിയത്.
2017 സെപ്തംബര്‍ ഏഴിന് സര്‍ക്കാര്‍ ഉത്തരവിറക്കുകയും എട്ടിന് കായികാധ്യാപക സംഘടനകളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചര്‍ച്ച നടത്തി രേഖാമൂലം ഉറപ്പ് നല്‍കിയായിരുന്നു കായികാധ്യാപകര്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിപ്പിച്ചത്. ആറ് മാസത്തിനുള്ളില്‍ കെഇആര്‍ പരിഷ്‌കരണമടക്കം നടത്തി കായികാധ്യാപകരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാം എന്നതായിരുന്നു ഉറപ്പ്.
അതിനിടെ, മഹാപ്രളയത്തില്‍ കേരളം മുങ്ങിയപ്പോള്‍ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ആദ്യ സംഘടന കായികാധ്യാപകരുടേതായിരുന്നു. പ്രതിഫലം ഇല്ലാതെ സ്‌കൂള്‍ കായിക മേളകളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചതും മാതൃകാപരമായി. എന്നാല്‍, 2017 ല്‍ നല്‍കിയ ഉറപ്പ് നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പിറകോട്ട് പോയി.
ഇതേ തുടര്‍ന്ന് കായികാധ്യാപകര്‍ നിസഹകരണ സമരം ആരംഭിച്ചു. സംസ്ഥാന തല ഗെയിംസ് മത്സരങ്ങള്‍ ഒഴിവാക്കി കായിക മേളകള്‍ തട്ടിക്കൂട്ടാനാണ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ശ്രമിച്ചതെന്ന് ഡിപ്പാര്‍ട്ട്‌മെന്റല്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചേഴ്‌സ് അസോസിയേന്‍ ആരോപിച്ചു. ഡിഎഫ്എടിഎ സംസ്ഥാന പ്രസിഡന്റ് സുനില്‍ കുമാര്‍ എം, ജനറല്‍ സെക്രട്ടറി മുസ്തഫ എ, ട്രഷറര്‍ കൃഷ്ണ ദാസന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.