KERALAtop news

സ്വര്‍ണക്കടത്ത് അന്വേഷണ സംഘം സര്‍ക്കാര്‍ പദ്ധതികളില്‍ ഇടപെടുന്നു, കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും – പിണറായി വിജയന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം ശരിയായ ദിശയിലായിരുന്നു അന്വേഷണം, എന്നാല്‍ അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ ഇടപെടലുകള്‍ സംശാസ്പദമാണ്. ചിലരുടെ ആഗ്രഹപ്രകാരമാണ് അന്വേഷണം നീങ്ങിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആദ്യമായാണ് സ്വര്‍ണക്കടത്ത് അന്വേഷണ വിഷയത്തില്‍ മുഖ്യമന്ത്രി അഭിപ്രായം പറയുന്നത്.
അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കേണ്ട പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ പരിധി ലംഘിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത് മനസിലാക്കാം. അതിനുമപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളില്‍ ഇടപെടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരമില്ല. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനെതിരാണിത്.
സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാര്‍ തുടക്കം തന്നെ ശക്തമായ നിലപാടെടുത്തു. കേന്ദ്ര സര്‍ക്കാരിനോട് ആദ്യ ഘട്ടത്തില്‍ തന്നെ അന്വേഷണം ആവശ്യപ്പെട്ടു. ചില വ്യക്തികള്‍ അന്വേഷണം സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. ചില മൊഴികള്‍ മാത്രം ചോരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്തേണ്ട ഏജന്‍സികള്‍ അതില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ നീതി സാധ്യമാകുമോ. അന്വേഷണം സ്വകാര്യമായി നടത്തേണ്ടതാണ്, മുന്‍വിധിയോടെയുള്ള അന്വേഷണം പാടില്ല – മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ലൈഫ് പദ്ധതി, കെ ഫോണ്‍ പദ്ധതികളെ ലക്ഷ്യമിടുകയാണ് അന്വേഷണ സംഘം. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കെ ഫോണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇത് തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close