
മാനന്തവാടി: കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് പേരെ മദ്യം – മയക്കുരുന്ന് തുടങ്ങി ലഹരിയുടെ നീരാളി പിടുത്തത്തിൽ നിന്ന് മോചിപ്പിച്ച മാനന്തവാടി വിൻസൻ്റ് ഗിരി ലഹരി ചികിത്സാലയത്തിൻ്റെ സ്ഥാപക പ്രചോദനമായ ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴിയെ വിൻസൻ്റ് ഗിരി വിക്ടറി എ എ ഗ്രൂപ്പ് യോഗം അനുസ്മരിച്ചു. വിൻസൻ്റ് ഗിരി ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സിസ്റ്റർ മേരി ആൻ നെല്ലിക്കയത്ത് അധ്യക്ഷത വഹിച്ചു. സിസ്റ്റർ മരിയ സെലിൻ പ്ലാമൂട്ടിൽ അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്തു. ഷിക്കാഗോവിലെ ലയോള യൂനിവേഴ്സിറ്റിയിൽ നിന്ന് കൗൺസിലിംഗ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും, അമേരിക്കയിലെ മിനിസോറ്റ HAZELDEN യൂനിവേഴ്സിറ്റിയിൽ നിന്ന് ഡ്രഗ് ആൻ്റ് ആൽക്കഹോൾ ഡി അഡിക്ഷൻ ചികിത്സയിൽ ബിരുദാനന്തര ബിരുദവും നേടി 1987 ൽ മാനന്തവാടി കോൺവെൻ്റിലെത്തിയപ്പോൾ ലഹരി ചികിത്സക്കായി സംവിധാനം ഏർപ്പെടുത്താൻ അഭിവന്ദ്യ ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി നിർബന്ധിച്ചതായും അതനുസരിച്ച് ആരംഭിച്ച ഈ ചികിത്സാലയത്തിൽ നിന്ന് ഇതിനകം പതിനായിരത്തിലധികം പേർ മോചിതരായതിൽ മാർ ജേക്കബ് തൂങ്കുഴിയോട് അകമഴിഞ്ഞ നന്ദിയുണ്ടെന്നും സിസ്റ്റർ സെലിൻ പറഞ്ഞു. വാർഷിക ക്യാംപുകളിൽ അദ്ദേഹം നിറസാന്നിധ്യമായിരുന്നു. ലഹരിക്ക് അടിമപ്പെട്ട് കഷ്ടതയിൽ കഴിഞ്ഞു വന്ന പതിനായിരത്തിലധികം കുടുംബങ്ങൾ ബിഷപ് മാർ തുങ്കുഴിയോട് കടപ്പെട്ടതായും സിസ്റ്റർ മരിയ സെലിൻ പറഞ്ഞു. കുറഞ്ഞ ചെലവിൽ തുടർന്നുവരുന്ന ലഹരി ചികിത്സയിലൂടെ നിരവധി പേരെ മോചിപ്പിച്ചു കൊണ്ടിരിക്കുന്നതിന് അവരുടെ കുടുംബങ്ങൾ എന്നും അഭിവന്ദ്യ ബിഷപ്പിനോട് നന്ദിയുള്ളവരായിരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സിസ്റ്റർ മേരി ആൻ പറഞ്ഞു. ലഹരിയിൽ നിന്ന് മോചിതരായവരുടെ കുടുംബിനികൾ അടങ്ങുന്ന വിക്ടോറിയ അൽ അനോൺ, മക്കൾക്കായി അൽ അറ്റീൻ ഗ്രൂപ്പ് എന്നിവയും ഇവിടെ സജീവമായതിന് പിന്നിൽ ബിഷപ് മാർ തുങ്കുഴിയുടെ പ്രചോദനം ഉണ്ടെന്ന് സിസ്റ്റർ മേരി ആൻ പറഞ്ഞു. ചികിത്സയിൽ സഹായിക്കുന്ന സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ മോനിക്ക, നാൽപതോളം വർഷം മുൻപ് ലഹരി ജീവിതത്തിൽ നിന്ന് മോചിതരായ മാത്യു കുന്നേൽ, രാജു മതിച്ചിപ്പറമ്പിൽ, ജോസ് റിപ്പൺ , കെ.ജെ. മത്തായി, ബൈജു രാജ്, ഡോ. തോമസ്, സുരേന്ദ്രൻ മാഹി, വിശ്വനാഥൻ മണ്ണാർക്കാട്, ജോസഫ് മാസ്റ്റർ, രവി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. വിക്ടറി എ എ ഗ്രൂപ്പ് പ്രസിഡൻ്റ് സോമൻ തിരുവമ്പാടി നന്ദി പറഞ്ഞു.




