
കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കള്ളക്കേസ് ചുമത്തി എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ ജയിലിടച്ച സംഭവത്തില്‍, പ്രതിചേര്‍ത്തവരെ കോടതി വെറുതെ വിട്ടു. 2011ല്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനിയിറിംഗ് കോളേജില്‍ യുഡിഎഫിന്റെ ഒത്താശയോടെ നടന്ന മെറിറ്റ് അട്ടിമറിക്കെതിരെ സമരം ചെയ്തതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ഉമ്മന്‍ ചാണ്ടിയുടെ നേരിട്ടുള്ള ഇടപെടലില്‍ നിര്‍മല്‍ മാധവന് എന്ന വിദ്യാര്‍ത്ഥിക്ക് മെറിറ്റ് അട്ടിമറിച്ച് അഡ്മിഷന് നല്‍കുകയായിരുന്നു. ഇതിനെതിരേ സമരം നടത്തിയതിന് അന്നത്തെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന അഡ്വ. പിഎ മുഹമ്മദ് റിയാസ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന വി വസീഫ്,ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടറിയായിരുന്ന വരുണ്‍ ഭാസ്കര്‍,ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ സിഎം ജംഷീര്‍,സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന വികെ കിരണ്‍രാജ്, ജില്ലാ വൈസ് പ്രസിഡന്റ് എംഎം ജിജേഷ്, ജോ. സെക്രട്ടറി കെകെ ഷാജിത്ത്, ജില്ലാ കമ്മറ്റി അംഗങ്ങളായ വൈശാഖ് ടി, എസ് എസ് അതുല്‍, അഭിന്രാഗ്, സിറ്റി എരിയാ സെക്രട്ടറി എം.എം മിഥുന്, സിറ്റി ഏരിയാ ജോയിന്റ് സെക്രട്ടറി ഷിബിന്‍ മണ്ണൂര്‍, , DYFI എന്നിവരെയാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടത്.
എഞ്ചിനിയറിംഗ് കോളജ് യൂണിറ്റ് സെക്രട്ടറി ജിതീഷിനെ കള്ളക്കേസില്‍ കുടുക്കി ജയിലിടച്ചതിനെതിരേ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിനെ പോലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്യുകയും നേതാക്കളെ പിടികൂടി ജയിലിടയ്ക്കുകയും ചെയ്യുകയുമായിരുന്നു. നീണ്ട 14 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവരെ കോടതി വെറുതെവിട്ടത്. കേസില്‍ കുറ്റാരോപിതര്‍ക്കുവേണ്ടി അഡ്വ. ബി.വി ദിപു, അഡ്വ. എ.കെ സോഷിബ എന്നിവര്‍ ഹാജരായി.




